mushi
പട്ടഞ്ചേരി പഞ്ചായത്തിലെ ആറ്റാഞ്ചേരിയിലുള്ള ആഫ്രിക്കൻ മുഷി വളർത്തു കേന്ദ്രം.

ചിറ്റൂർ: പട്ടഞ്ചേരി ആറ്റാഞ്ചേരിയിൽ അനധികൃത ആഫ്രിക്കൻ മുഷി വളർത്തൽ വ്യാപകം. ചിറ്റൂർ പുഴയോരത്ത് നിലമ്പതിയിൽ 12 ഏക്കറോളം പാടം പാട്ടത്തിനെടുത്ത് ആഴംകൂട്ടിയാണ് സ്വകാര്യ വ്യക്തികൾ മുഷി വളർത്തുന്നത്.

മുഷിക്ക് തീറ്റയായി നൽകുന്നത് ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും കൊണ്ടുവരുന്ന അറവുമാലിന്യങ്ങളാണ്. മാലിന്യങ്ങൾ വേവിച്ച് നിക്ഷേപിക്കുന്നതിനാൽ ഇതിൽ നിന്നുള്ള ദുർഗന്ധം മൂലം പരിസരവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതിയുണ്ട്. തെരുവുനായ്ക്കക്കളുടെ ശല്യവും രൂക്ഷമാണ്.

മാസത്തിൽ ഒരുതവണ പാടത്തെ വെള്ളം മാറ്റാറുണ്ട്. ഈ മലിനജലം സമീപത്തെ പുഴയിലേക്കാണ് ഒഴുക്കി വിടുന്നത്. പുഴയിൽ നിന്നുതന്നെയാണ് പാടത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നതും. ട്രാക്ടർ എൻജിൻ ഉപയോഗിച്ചാണ് പമ്പിംഗ് നടത്തുന്നത്. ഇതിനാൽ അധികൃതർ പരിശോധനയ്ക്ക് എത്തിയാലും പിടിക്കപ്പെടാറില്ല. മോട്ടറുകളോ പമ്പുസെറ്റോ ഒന്നുംതന്നെ കണ്ടെത്താൻ കഴിയില്ല. ഇതാണ് ഇവർക്ക് സൗകര്യമാകുന്നതെന്ന് പരിസരവാസികൾ പറയുന്നു.

വിവിധ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ചിറ്റൂർ പുഴയിലേക്കാണ് മലിനജലം ഒഴുക്കിവിടുന്നത്. ഇത് മാരകമായ രോഗങ്ങൾക്ക് കാരണമാകുന്ന പേടിയിലാണ് പരിസരവാസികൾ. വിഷയത്തിൽ പ്രദേശത്തെ യുവജന കൂട്ടായ്മ പഞ്ചായത്തിൽ നൽകിയ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. കൃഷിയിടം നികത്തി മുഷി വളർത്തുന്നത് സംബന്ധിച്ചും മലിനീകരണം സംബന്ധിച്ചും ജില്ലാ കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആരോഗ്യ വകുപ്പ് എന്നിവർക്ക് റിപ്പോർട്ട് നൽകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.