ചെർപ്പുളശ്ശേരി: നഗരസഭയിലെ 16-ാം വാർഡ് നിരപറമ്പ് പ്രദേശത്തേക്ക് കാഞ്ഞിരപ്പുഴ ഇറിഗേഷൻ ഓഫീസിലെ കുഴൽകിണറിൽ നിന്ന് കുടിവെള്ള എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ചവരെ നഗരസഭ കള്ളക്കേസിൽ കുടുക്കുകയാണെന്ന പരാതിയുമായി വാർഡ് കൗൺസിലർ ഷാജി പാറക്കലും സി.പി.എം നേതാക്കളും രംഗത്ത്.
പൈപ്പ് ലൈൻ നീട്ടുന്ന പ്രവർത്തി നഗരസഭ ഇടപെട്ട് നിറുത്തിവച്ചതിനെ തുടർന്ന് വൈസ് ചെയർമാൻ പങ്കെടുത്ത പ്രദേശത്തെ പരിപാടി ബഹിഷ്‌ക്കരിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് പ്രതിഷേധിച്ച പ്രദേശവാസികളുടെ പേരിൽ നഗരസഭാ ഭരണസമിതി കള്ളക്കേസ് ഉണ്ടാക്കി പീഢിപ്പിക്കുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കാത്ത ആളുകളെയാണ് രാഷ്ട്രീയ വൈരാഗ്യം മൂലം കള്ളകേസിൽ കുടുക്കിയിരിക്കുന്നത്. മരണപ്പെട്ട മുൻ വാർഡ് കൗൺസിലർ സുകുമാരന്റെ മകനെ ഉൾപ്പടെ പ്രതിയായി ചേർത്തിട്ടുണ്ടെന്നും കൗൺസിലർ ഷാജി പാറക്കൽ പറഞ്ഞു. വൈസ് ചെയർമാൻ വന്ന നഗരസഭയുടെ വാഹനം അക്രമിച്ചിട്ടില്ല.എന്നാൽ പ്രതിഷേധക്കാരെ അപായപ്പെടുത്തും വിധമാണ് വാഹനം അന്ന് ഓടിച്ചു പോയത്. യാഥാർത്ഥ്യങ്ങൾ മറച്ചുവച്ച് ഭരണപരാജയം മൂടിവെക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നും കൗൺസിലർ ഷാജി പാറക്കൽ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മണികണ്ഠൻ, അലവിക്കുട്ടി, പുഷ്പ, ജുമി എന്നിവർ പറഞ്ഞു.