ചെർപ്പുളശ്ശേരി: നെല്ലായ കുലുക്കല്ലൂർ ത്വരിത കുടിവെള്ള പദ്ധതി ചെർപ്പുളശ്ശേരി നഗരസഭയിലേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ജില്ലാ കളക്ടറുടെയും പി.കെ.ശശി എം.എൽ.എയുടെയും സാന്നിധ്യത്തിൽ ഇന്ന് ചർച്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് ചെർപ്പുളശ്ശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിലാണ് ചർച്ച. നെല്ലായ, കുലുക്കല്ലൂർ പഞ്ചായത്ത് അധികൃതരും, ചെർപ്പുളശ്ശേരി നഗരസഭ അധികൃതരും, ജല അതോറിട്ടി, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.
സബ് കളക്ടറുടെ ഉത്തരവിനെ തുടർന്ന് ഇന്നലെ പൈപ്പ് ലൈൻ നീട്ടാനായി ജല അതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ പൊലീസ് സംരക്ഷണയിൽ എത്തിയെങ്കിലും വിവരമറിഞ്ഞ് നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷാഫിയും ഭരണപക്ഷ അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി പ്രതിഷേധം അറിയിച്ചു.
തർക്കം പരിഹരിക്കാൻ കഴിയാതെ വന്നതോടെ ഒറ്റപ്പാലം തഹസിൽദാർ എസ്.ബിജുവും സ്ഥലത്തെത്തി. തുടർന്ന് എം.എൽ.എയുമായി ടെലഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തർക്കം തീർക്കാൻ വിപുലമായ ചർച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു. അതിനു മുമ്പ് പ്രവർത്തികൾ നടത്തില്ലെന്നും തഹസിൽദാർ പറഞ്ഞതോടെയാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും പിരിഞ്ഞത്. പദ്ധതി മറ്റു പ്രദേശങ്ങളിലേക്ക് നീട്ടുന്നതിനോട് നെല്ലായ, കുലുക്കല്ലർ പഞ്ചായത്ത് ഭരണസമിതികൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പഞ്ചായത്തുകളിൽ തന്നെ പദ്ധതിയുടെ കണക്ഷൻ പൂർണമായിട്ടില്ലെന്നും രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നതെന്നും, ഈ അവസ്ഥയിൽ മറ്റു പ്രദേശങ്ങളിലേക്ക് പദ്ധതി നീട്ടരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.