പാലക്കാട്; ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹരിതകേരള മിഷന്റെ സഹകരണത്തോടെ ജില്ലയിൽ സജ്ജമാക്കുന്നത് 780 ഹെക്ടർ പച്ചത്തുരുത്തുകൾ. ജില്ലാ പഞ്ചായത്തിന്റെ 30 ഡിവിഷനുകളിലായി തിരഞ്ഞെടുക്കപ്പെട്ട 23 പഞ്ചായത്തുകൾക്കു കീഴിലായാണ് പച്ചതുരുത്തുകൾ തയ്യാറാക്കുന്നത്. ജില്ലാ പഞ്ചായത്തിൽ നടന്ന പച്ചത്തുരുത്ത് കൺവെൻഷൻ പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനായി.
ജൂലൈയിലാണ് പദ്ധതി ആരംഭിക്കുക. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ കണ്ടെത്തിയ 780 ഹെക്ടറിൽ 470 ഹെക്ടറും മംഗലം പുഴത്തടത്തിലാണ്. മംഗലംപുഴത്തട പ്ലാൻ രൂപീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സ്ഥലം ലഭ്യമാക്കാനായത്. ഭൂമിയുടെ ഘടനയ്ക്കനുസരിച്ച് തൈകൾ നടും പച്ചത്തുരുത്തിനായി കണ്ടെത്തുന്ന ഭൂമിയെ താഴ്‌വര, സമതലം, മലമ്പ്രദേശം എന്നിങ്ങനെ തരംതിരിച്ചാണ് തൈകൾ നടുക. ജലസ്രോതസുകളുടെ ലഭ്യത, മണ്ണിന്റെ തരം, എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിനും ഭൂപ്രകൃതിക്കും അനുസൃതമായ തൈകളാണ് നടുക. സാമൂഹിക വനവൽക്കരണ വിഭാഗം, തൊഴിലുറപ്പ് പദ്ധതി, കൃഷിവകുപ്പ് എന്നിവയിൽ നിന്ന് തൈകൾ ലഭ്യമാക്കും. കൂടുതൽ തൈകൾ ആവശ്യമെങ്കിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ അംഗീകൃത ഫാമുകളിലും തൈകൾ തയ്യാറാക്കും.
നിർവഹണ ചുമതല വാർഡ് മെമ്പർക്ക്
തുരുത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ വാർഡ് മെമ്പർക്കായിരിക്കും പദ്ധതിയുടെ നിർവഹണ ചുമതല. ഗ്രാമപഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂമിശാസ്ത്ര, സസ്യശാസ്ത്ര അധ്യാപകർ, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥർ, വനം, കൃഷി, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവർ ഉൾപ്പെട്ട പ്രാദേശികതല ടീം പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കും.
സൃഷ്ടിക്കുന്നത് മൂന്നുതരം പച്ചത്തുരുത്തുകൾ
മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തുരുത്ത്, കൂവളം, കറിവേപ്പ്, തുളസി, മൈലാഞ്ചി, ആര്യവേപ്പ് തുടങ്ങിയവ ഉൾപ്പെട്ട ഔഷധതുരുത്ത്, മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങളുടെ തൈകൾ ഉൾപ്പെട്ട തുരുത്ത് എന്നിങ്ങനെ മണ്ണിനനുസൃതമായ രീതിയിൽ മൂന്നു തുരുത്തുകളാവും സൃഷ്ടിക്കുക.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ, സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ കെ.വാസുദേവൻ പിള്ള, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഫോട്ടോ... ജില്ലാ പഞ്ചായത്തിൽ നടന്ന പച്ചത്തുരുത്ത് കൺവെൻഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി സംസാരിക്കുന്നു