പാലക്കാട്: ജൂൺ അവസാനമായിട്ടും കാലവർഷം ശക്തിപ്പെടാത്തതിനാൽ ഞാറ്റടിയും പൊടിവിതയും നടത്തിയ ജില്ലയിലെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. പലയിടത്തെയും പാടങ്ങളിൽ വെള്ളമില്ല. ഇനിയാകെയുള്ള പ്രതീക്ഷ ഞാറ്റുവേലയിലാണ്.
പാലക്കാട് ഇതുവരെ 266.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 156.8 മില്ലിമീറ്റർ മാത്രം. 47 ശതമാനം കുറവ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഐ.എം.ഡിയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 41 ശതമാനം മഴ കുറവാണ്. 398.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 236.3 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞദിവസം വരെ ലഭിച്ചത്.
ജില്ലയിലെ കിഴക്കൻ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. ചിറ്റൂർ, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ്, പൊൽപ്പുള്ളി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലെ പാടങ്ങളിൽ വെള്ളം ഇല്ലാത്തതിനാൽ ഞാറുകൾ പറിച്ചു നടാൻ കഴിയാത്ത അവസ്ഥയിലാണ്. കൂടാതെ ഞാറ്റടിയും നശിച്ചു തുടങ്ങിയെന്ന് കർഷകർ പറയുന്നു. ഒരുമാസം മുമ്പ് പൊടിവിത പാകിയ പാടങ്ങളും വരണ്ടുതുടങ്ങി. തിരുവാതിര ഞാറ്റുവേല കനിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഇതിനിടെ പറമ്പിക്കുളം - ആളിയാർ പദ്ധതിയിൽ നിന്ന് ഒന്നാംവിളയ്ക്ക് ആവശ്യമായ കനാൽവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജലസംരക്ഷണ സമിതി ഇന്നലെ ചിറ്റൂർപ്പുഴ പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു.
കുടിവെള്ള പ്രശ്‌നം രൂക്ഷം
മഴ ഗണ്യമായി കുറഞ്ഞതോടെ കുടിവെള്ള പ്രശ്‌നവും രൂക്ഷമാവുകയാണ്. ഡാമുകളിലും വെള്ളമില്ല. ആലത്തൂർ പ്രദേശത്താണ് പ്രശ്‌നം രൂക്ഷം. ഇവിടെ സ്‌കൂളുകളിലും ആശുപത്രികളിലും വെള്ളം ഇല്ലാത്തതിനാൽ പ്രവർത്തനങ്ങൾ അവതാളത്തിലാണ്. കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ നിർത്തിവക്കേണ്ടി വന്നു. നിലവിൽ കിടത്തി ചികിത്സയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
മലമ്പുഴ ഡാമിൽ പരമാവധി സംഭരണ ശേഷിയുടെ 10.65 ശതമാനം മാത്രമേ നിലവിൽ വെള്ളമുള്ളൂ. 226 ദശലക്ഷം ഘനമീറ്ററാണ് പരമാവധി സംഭരണശേഷി. 24.08 ദശലക്ഷം ഘനമീറ്ററാണ് ഇപ്പോഴുള്ള വെള്ളം. കഴിഞ്ഞ വർഷം ഇതേസമയം 84.45 ദശലക്ഷം ഘനമീറ്റർ വെള്ളം ഉണ്ടായിരുന്നു.