ആലത്തൂർ: ബസ് സ്റ്റാന്റിൽ നിന്ന് വീട്ടമ്മയുടെ മൂന്നരപ്പവൻ മാല പൊട്ടിച്ച സംഭവത്തിൽ ബംഗളൂരു നിലമംഗലം സ്വദേശി വെണ്ണില (30) നെ നിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആലത്തൂർ പുതിയ ബസ് സ്റ്റാന്റിലായിരുന്നു സംഭവം.
വടക്കഞ്ചേരി ആയക്കാട് തച്ചാംകുന്നം വലിയകാട് വീട്ടിൽ സുന്ദരന്റെ ഭാര്യ അനിതയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിറ്റൂരിലെ ഇവരുടെ വീട്ടിൽനിന്ന് ആലത്തൂരിൽ വന്ന് ബസിറങ്ങിയ അനിത വടക്കഞ്ചേരിയിലേക്കുള്ള മറ്റൊരു ബസിൽ കയറുമ്പോഴാണ് പ്രതി പിന്നിൽനിന്ന് മാല പൊട്ടിച്ചത്.
മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട അനിത ഉടൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു സ്ത്രീ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവർ ബസ് സ്റ്റാന്റിന് പുറത്തുകടന്ന് ഓട്ടോറിക്ഷയിൽ കയറി പോകുന്നതിനിടെ അനിത തന്നെ തടഞ്ഞതോടെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും വെണ്ണിലയെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ആലത്തൂർ എസ്.ഐ എം.ആർ.അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ സ്റ്റേഷനിലെത്തിച്ച് നടത്തിയ ദേഹ പരിശോധനയിൽ മാല കണ്ടെത്തി. രണ്ടുമാസം മുമ്പ് സമാന സംഭവത്തിൽ അറസ്റ്റിലായ ജ്യോതി, ശാന്തി എന്നിവരുടെ സംഘത്തിൽ പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് കാഞ്ഞങ്ങാട്, ഹോസ്ദുർഗ് എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ ദിണ്ടിക്കല്ലിലും ഇവർക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്.