ഒറ്റപ്പാലം: നെൽവയൽ തണ്ണീർതട സംരക്ഷണ നിയമങ്ങളെ കാറ്റിൽപ്പറത്തി പിലാത്തറയിൽ നിലം പരിവർത്തനം തകൃതി. വർഷങ്ങളായി കൃഷിയിറക്കിയിരുന്ന നെൽപാടങ്ങളാണ് ഭൂമാഫിയകൾ വാങ്ങിക്കൂട്ടി പരിവർത്തനം നടത്തുന്നത്. ഭൂ മാഫിയക്ക് പഞ്ചായത്ത് അംഗങ്ഹളും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അമ്പലപ്പാറ രണ്ട് വില്ലേജിൽ 83 ബ്ലോക്കിൽ സർവ്വേ നമ്പർ 535ൽ രണ്ടും അനുബന്ധ നിലങ്ങളുമാണ് പരിവർത്തനം ചെയ്യുന്നത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിന്റെ പേരിൽ അഞ്ച് സെന്റിൽ കെ.എൽ.യു അനുവദിക്കുന്നതിന് വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളപ്പോഴാണ് ഭൂമാഫിയയുടെ ഈ നിയമലംഘനങ്ങൾ.
ഹെക്ടർ കണക്കിനു നെൽപ്പാടങ്ങൾ വാങ്ങിക്കൂട്ടി അതിന് നടുവിലൂടെ റോഡ് നിർമിച്ചു പ്ലോട്ടുകളാക്കി തിരിച്ച് ഒാരോന്നിനും ദശലക്ഷത്തിനാണ് വിൽക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികളാണ് പ്രദേശത്ത് നടക്കുന്നത്.
പാടം നികത്താനോ പരിവർത്തനത്തിനോ റോഡ് നിർമ്മിക്കുന്നതിനോ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതി നൽകിയിട്ടില്ലെന്ന് കൃഷിഭവൻ, റവന്യൂ അധികൃതർ പറഞ്ഞു. ഇതോടെ നിയമലംഘനത്തിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പാറ കൃഷിവികസന സമിതി അംഗങ്ങൾ രംഗത്തെത്തി. പാടങ്ങൾ പാട്ടത്തിന് ലഭിക്കുകയാണെങ്കിൽ കൃഷിയിറക്കാൻ തയ്യാറാണെന്ന് പഞ്ചായത്തിലെ പാടശേഖര സമിതികൾ അറിയിച്ചിട്ടുണ്ട്.