ചെർപ്പുളശ്ശേരി: നെല്ലായ, കുലുക്കല്ലൂർ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാതെ ശുദ്ധജല പദ്ധതിയിൽ നിന്നു ചെർപ്പുളശ്ശേരിയിലേക്കു വെള്ളം നൽകാൻ കഴിയില്ലെന്നു പഞ്ചായത്ത് അദ്ധ്യക്ഷന്മാർ നിലപാട് എടുത്തതോടെ ചർച്ച പരാജയം. പദ്ധതി ചെർപ്പുളശ്ശേരിയിലേക്കു നീട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന് പി.കെ.ശശി എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ ചെർപ്പുളശ്ശേരിയിൽ ചേർന്ന യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്.
നെല്ലായ, കുലുക്കല്ലൂർ പഞ്ചായത്തുകൾക്കു മാത്രമായുള്ള ജലവിതരണ പദ്ധതിയിൽ നിന്നും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. നെല്ലായയിൽ നിത്യേന ടാങ്കർ ലോറിയിലാണ് ജലവിതരണം നടക്കുന്നത്. പദ്ധതിയുടെ ഭൂരിഭാഗം പൈപ്പ്‌ലൈൻ നീട്ടൽ പ്രവൃത്തിയും ഇപ്പോഴും പാതിവഴിയിലാണ്. ഈ സാഹചര്യത്തിൽ പദ്ധതിക്കുകീഴിൽ നിന്നു പൈപ്പ് ലൈൻ വലിച്ച് ചെർപ്പുളശ്ശേരിയിലേക്കു വെള്ളം കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നു നെല്ലായ പഞ്ചായത്ത് അധ്യക്ഷൻ പി.കെ.മുഹമ്മദ് ഷാഫി യോഗത്തിൽ അറിയിച്ചു. നെല്ലായ പഞ്ചായത്ത് ജനപ്രതിനിധികളും ഈ നിലപാടിനെ അനുകൂലിച്ചു. കുലുക്കല്ലൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ചെത്തിയവരും ഈ നിലപാട് തന്നെയാണ് ആവർത്തിച്ചത്. പദ്ധതി കാര്യക്ഷമമായി പ്രവർത്തിക്കാത്തിനു പിന്നിലും ജനങ്ങൾക്ക് വെള്ളം ലഭ്യമാക്കാത്ത ദുസ്ഥിതി സൃഷ്ടിച്ചതിലും ജലഅതോറിട്ടിയുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയുണ്ടായെന്നും ചർച്ചയിൽ പങ്കെടുത്തവർ വിമർശനം ഉന്നയിച്ചു. ഇരു പഞ്ചായത്ത് അധികൃതരും മുൻ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാതെ യോഗം അവസാനിപ്പിച്ചത്.
പക്ഷേ, പദ്ധതിയുടെ കീഴിൽ നെല്ലായ, കുലുക്കല്ലൂർ പഞ്ചായത്തുകളിലേക്ക് ആവശ്യത്തിന് വെള്ളമെത്തിച്ചാൽ പിന്നീട് ചെർപ്പുളശ്ശേരിയിലേക്ക് കൂടി പദ്ധതി നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് യോഗത്തിൽ ധാരണയായി. ജലവിതരണ പദ്ധതിയുടെ തുടർപ്രവൃത്തി വേഗത്തിൽ ആരംഭിക്കുന്നതിനും പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തീകരിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് പി.കെ.ശശി എം.എൽ.എ യോഗശേഷം അറിയിച്ചു.