പാലക്കാട്: ഖസാക്കിന്റെ ഇതിഹാസം അരനൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ ഒ.വി.വിജയൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നിനും രണ്ടിനും നോവലിന്റെ ദേശങ്ങളും ഭാഷയുമായി ഖസാക്ക് ഇടവപ്പാതി നോവൽ സംഗമം നടക്കും. നോവലിന്റെ കാലം, ദേശം, ഭാഷ, ആഖ്യാനം എന്നീ വിഷയങ്ങളിൽ എഴുത്തുകാരും വായനക്കാരും സംവാദം നടത്തും. സംസ്ഥാനതലത്തിൽ 50 ഡെലിഗേറ്റുകളും 20 എഴുത്തുകാരായ അതിഥികളും പങ്കെടുക്കും. നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണനാണ് ക്യാമ്പ് ഡയറക്ടർ. ചെറുകഥാകൃത്ത് രാജേഷ് മേനോൻ ക്യാമ്പ് കോഡിനേറ്ററായി പ്രവർത്തിക്കും.
യു.കെ. കുമാരൻ, മുണ്ടൂർ സേതുമാധവൻ, വി. രാജകൃഷ്ണൻ, കെ. പി. മോഹനൻ, ടി.ഡി രാമകൃഷ്ണൻ, വി.ജെ. ജയിംസ്, ഇ.പി. രാജഗോപാലൻ, കെ.വി. സജയ്, ആഷ മേനോൻ, എൻ. രാധാകൃഷ്ണൻ നായർ, മിനി പ്രസാദ്, പ്രദീപ് പനങ്ങാട്, രഘുനാഥൻ പറളി, കെ.പി രമേഷ്, ലിസ്സി, ഫ്രാൻസിസ് നെറോണ, അജിജേഷ് പച്ചാട്ട്, വി. ഷിനിലാൽ, ഇയ്യ വളപട്ടണം, രമേശൻ ബ്ലാത്തൂർ , ടി.കെ.ശങ്കരനാരായണൻ, സി. ഗണേഷ്, മനോഹരൻ പേരകം, മോഹൻദാസ് ശ്രീകൃഷ്ണപുരം, തുടങ്ങിയ എഴുത്തുകാർ വിവിധ സെഷനുകളിലായി പങ്കെടുക്കും. ക്യാമ്പ് അംഗങ്ങൾക്കും അതിഥികളൾക്കുമായി പ്രത്യേക സംവാദ പരിപാടിയും സംഘടിപ്പിക്കും.
നോവൽ സംഗമത്തിൽ ഡെലികേറ്റുകളാവാം;
ഖസാക്ക് ഇടവപ്പാതി നോവൽ സംഗമത്തിൽ ഡെലികേറ്റുകളായി പങ്കെടുക്കാൻ താൽപര്യമുള്ളവർ ഞാനെന്തുകൊണ്ട് ഖസാക്ക് ഇടവപ്പാതി നോവൽ ക്യാമ്പിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന വിഷയത്തിൽ എഴുതിയ ഒരു പുറത്തിൽ കവിയാത്ത കുറിപ്പും, വ്യക്തിവിവരങ്ങളും 25നകം സെക്രട്ടറി, ഒ.വി.വിജയൻ സ്മാരക സമിതി, കിണാശ്ശേരി പി.ഒ. പാലക്കാട് 678701 എന്ന വിലാസത്തിൽ അയക്കണം.