കൊല്ലങ്കോട്: വടവന്നൂർ മന്ദംപ്പുള്ളി വളവിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും നടപടിയെടുക്കാതെ അധികൃതർ.

ഇന്നലെ ഉച്ചയ്ക്ക് കൊല്ലങ്കോട് നിന്നും പുതുനഗരം ഭാഗത്തേക്ക് എംസാന്റുമായി പോയ ടോറസ് ലോറി എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ നിയന്ത്രണംതെറ്റി സമീപത്തെ മൺതിട്ടയിൽ ഇടിച്ചു നിർത്തിയത്. ഒരാഴ്ചയ്ക്കിടെ ഇവിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.

അപകട വളവിൽ സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ട അധികൃതർ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പാതയുടെ ചരിവും നിർമ്മാണത്തിലെ അപാകതയുമാണ് അപകടങ്ങൾക്ക് കാരണം. എതിരെവരുന്ന വാഹനങ്ങൾ കാണാൻകഴിയാത്ത വിധം മരച്ചില്ലകൾ വളർന്ന് റോഡിലേക്ക് തള്ളിനിൽക്കുന്നതും യാത്രാക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡ് നിർമ്മാണത്തിന് ശേഷം ഇരുവശങ്ങളിലും മണ്ണിട്ട് സമാന്തരമാക്കാത്തതിനാൽ വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിപ്പോകുന്നത് പതിവാണ്. പാതയിൽ നിന്നും ഒന്നരയടി താഴ്ചയുണ്ട്.

അപകടങ്ങൾ ഒഴിവാക്കാൻ മന്ദംപ്പുള്ളി വളവിൽ 30 മീറ്റർ പാർശ്വഭിത്തികെട്ടി റിഫ്ളക്ടറുകൾ സ്ഥാപിക്കുകയോ വേണം. കൂടാതെ വേഗത കുറയ്ക്കാൻ ആധുനിക രീതിയിലുള്ള ഹംബുകളും നിർമ്മിക്കണമെന്നും യാത്രക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആവശ്യപ്പെടുന്നു.