road
കുമ്പിടി അങ്ങാടി റോഡിലെ കുഴി

ആനക്കര: കുമ്പിടി തങ്ങൾപ്പടി റോഡിലൂടെയുള്ള യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്. അങ്ങാടിയിലെ റോഡിൽ നിറയെ കുഴികളാണ്, ഇതുവഴി യാത്രചെയ്താൽ കുലുങ്ങി കുലുങ്ങി യാത്രക്കാർ ഒരു പരുവമാകും. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഇതുവഴി വന്ന ടെമ്പോ വാൻ കുഴിയിൽചാടിയതിനെ തുടർന്ന് ആക്‌സിൽ ഒടിഞ്ഞ് വഴിയിലായി. ഇത് ഏറെനേരം ഗതാഗത തടസത്തിനും ഇടയാക്കി.

എടപ്പാളിൽ മേൽപ്പാലത്തിന്റെ പണി ആരംഭിച്ചതോടെ ഈ റോഡിലൂടെ വാഹനങ്ങളുടെ വരവ് വർദ്ധിച്ചിട്ടുണ്ട്. ലോഡുമായി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പൊതുവെ വീതികുറഞ്ഞ റോഡിൽ എതിർ ദിശയിൽ നിന്ന് വലിയ വാഹനങ്ങൾ വന്നാൽ കുറഞ്ഞത് പത്തുമിനുട്ടെടുക്കും ഗതാഗത തടസം മാറാൻ. ഇതിന് പുറമെയാണ് അങ്ങാടിയിലെ തിരിവിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന പഴയ കെട്ടിടം. വ്യാപാരികളും യാത്രക്കാരും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെയായി അധികൃതർ റോഡ് നവീകരിക്കാനുള്ള നടപടിയെടുത്തിട്ടില്ലെന്നാണ് ആക്ഷേപം.