office
പട്ടാമ്പി എക്‌സൈസ് ഓഫീസിലെ തൊണ്ടിമുതലുകൾ കോണിപ്പടിയിൽ സൂക്ഷിച്ചിരിക്കുന്നു.

പാലക്കാട്: പരിമിതികളുടെ നടുവിൽ ശ്വാസം മുട്ടികയാണ് പട്ടാമ്പി എക്‌സൈസ് ഓഫീസ്. വർഷങ്ങളോളം ഇടിഞ്ഞുവീഴാറായ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് പട്ടാമ്പി മിനിസിവിൽ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചതോടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓഫീസ് മാറ്റി. എന്നാലും തീരുന്നില്ല ജീവനക്കാരുടെ ദുരിതം.


ഒറ്റമുറിയായതിനാൽ നിന്നു തിരിയാൻ സ്ഥലമില്ല എന്നതാണ് പ്രധാന പ്രശ്‌നം. പുറമെനിന്നും കൊണ്ടുവരുന്ന വാറ്റ് ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതും കുറ്റവാളികളെ നിറുത്തുന്നതുമെല്ലാം ഈ മുറിയിൽ തന്നെ.
എട്ടു പഞ്ചായത്തുകളും രണ്ടു മുനിസിപ്പാലിറ്റിയുമാണ് പട്ടാമ്പി എക്‌സൈസിന് കീഴിലുള്ളത്. അതുകൊണ്ടു തന്നെ നിരവധി കേസുകളാണ് ഇവിടെ ഉണ്ടാവുന്നത്.

റെയിഡിലും മറ്റുമായി പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകൾ സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോർറൂം ഇല്ലാത്തതു കാരണം ഓഫീസിന് സമീപത്തെ കോണിപ്പടികളിലും ജീവനക്കാരുടെ വിശ്രമ മുറികളിലുമാണ് സൂക്ഷിക്കുന്നത്.
ഇതുമൂലം മറ്റ് ആശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.


കേസുകളുടെ വിചാരണ പൂർത്തിയാകുന്നതുവരെ തൊണ്ടിമുതലുകളുടെ സ്ഥിതി ഇതുതന്നെ. ലോക്കപ്പ് സൗകര്യം ഇല്ലാത്തതിനാൽ പ്രതികളുടെ കൂടെ രാത്രി കാവലിരിക്കേണ്ടത് ജീവനക്കാർക്ക് വലിയ തലവേദനയാകുന്നു. കൂടാതെ ഓഫീസിന് സ്വന്തമായി ശൗചാലയം ഇല്ലാത്തതും വലിയ പ്രശ്‌നമാണ്.

​-എം.എൻ.സുരേഷ് ബാബു, ജില്ലാ സെക്രട്ടറി, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ