waste
നല്ലേപ്പിള്ളി കൊഴിഞ്ഞാമ്പാറ സംസ്ഥാന പാതയോരത്ത് പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിനു താഴെ മാലിന്യം നിക്ഷേപിച്ചിരിക്കുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും മാലിന്യ നിക്ഷേപം കൂടുന്നു. മഴക്കാലമായതോടെ പകർച്ചവ്യാധികൾക്കുള്ള സാദ്ധ്യതയും ഏറിയിരിക്കുകയാണ്. മാലിന്യപ്രശ്‌നം സംബന്ധിച്ച് മുമ്പ് പരാതികൾ ഉയർപ്പോൾ നല്ലേപ്പിള്ളി കൊഴിഞ്ഞാമ്പാറ സംസ്ഥാന പാതയോരത്തും വണ്ടിത്തോട് പാലത്തിനു സമീപവും ഉണ്ടായിരുന്ന മാലിന്യം താൽകാലികമായി നീക്കം ചെയ്ത് പാലത്തിന് സമീപം പൂച്ചെടികൾ നട്ടിരുന്നു.


ഇതോടെ മാലിന്യം പാലത്തിനു സമീപത്തുനിന്നും അല്പംമാറി നിക്ഷേപിക്കാൻ തുടങ്ങി. പാതയോരങ്ങളിലും ഇത് തുടർന്നു. പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിൽ നിന്നും മറ്റുപഞ്ചായത്തുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ രാത്രിയിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
എന്നാൽ ഇത് തടയാനുള്ള നടപടി ഉണ്ടായില്ല.


കുറച്ചു മാസംമുമ്പ് മാലിന്യങ്ങൾ നല്ലേപ്പിള്ളി മാട്ടുമൊന്ത മുതൽ വണ്ടിത്തോട് വരെയുള്ളത് പഞ്ചായത്ത് താൽകാലികമായി നീക്കം ചെയ്ത് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. എന്നാൽ മുന്നറിയിപ്പ് ബോർഡിന് താഴെയാണ് നിലവിൽ ചാക്കു കണക്കിന് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. കൂടാതെ മാട്ടുമൊന്ത കുറ്റിപ്പള്ളം റോഡ് വക്കിലെ കനാലിലും കനാൽ വരമ്പിലും പുതിയതായി മാലിന്യ നിക്ഷേപം വ്യാപിച്ചിരിക്കുകയാണ്.


ദിനംപ്രതി വിവിധ പ്രദേശങ്ങളിൽ വ്യാപിക്കുന്ന മാലിന്യ നിക്ഷേപത്തിന് ഇനിയും ശാശ്വതമായി പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച പഞ്ചായത്ത് ഭരണസമിതിക്ക് ഇക്കാര്യത്തിൽ ബാദ്ധ്യതയുണ്ട്. നിയമം ലംഘിക്കപ്പെടുന്നവരെ കണ്ടെത്താനും ശക്തമായ നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.