പാലക്കാട്: വേനലാണെങ്കിലും മഴയാണെങ്കിലും എലപ്പുള്ളിക്കാർക്ക് കുടിവെള്ളത്തിനായി നെട്ടോട്ടമോടണം. എലപ്പുള്ളി, കമ്മാന്തറ, പടിഞ്ഞാറെത്തറ, കുന്നുകാട്, മേച്ചിരിപ്പാടം, ചേരുംകാട്, വേങ്ങോടി, കാരാട്ടുകുളം എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.

തേനാരി, തീർത്ഥംപാടം പഞ്ചായത്തുകളുടെ രണ്ട് കുടിവെള്ള പദ്ധതികളിൽ നിന്നാണ് പ്രദേശവാസികൾക്ക് വെള്ളം വിതരണം ചെയ്യുന്നത്. വെള്ളം വറ്റിയതുകാരണം ഒന്നിടവിട്ടിട്ടാണ് വെള്ളം വരുന്നത്. വെള്ളം കുറവായതിനാൽ നിറവത്യാസവും ഉണ്ട്. അതിനാൽ കുടിക്കാൻ ഉപയോഗിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പുതിയ കുഴൽകിണർ നിർമ്മിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

 വെള്ളം വരുന്നത് അരമണിക്കൂർ
ഒന്നിടവിട്ട ദിവസങ്ങളിൽ അരമണിക്കൂർ ആണ് വെള്ളം ലഭിക്കുന്നത്. അതും നേരിയ തോതിൽ. വെള്ളം വരുന്ന ദിവസം പരമാവധി കുടങ്ങളിലും പാത്രങ്ങളിലും പിടിച്ചുവയ്ക്കും. അതാണ് ഇപ്പോഴത്തെ പോംവഴി. പലരും മഴവെള്ളം ശേഖരിച്ച് അരിച്ചെടുത്താണ് നിലവിൽ ഉപയോഗിക്കുന്നത്. മഴ പെയ്യാത്ത ദിവസങ്ങളിൽ അടുത്തുള്ള വീടുകളിലെ കിണറുകളെ ആശ്രയിക്കും.