പാലക്കാട്: വിദ്യാഭ്യാസ മേഖലയിൽ നിലവാരമുയർത്താൻ നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമാകുന്നുണ്ടോയെന്ന വിലയിരുത്തൽ ആവശ്യമാണെന്ന് ഡയറ്റ് സംഘടിപ്പിച്ച പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി (പി.എ.സി) യോഗം വിലയിരുത്തി. മലയാളത്തിളക്കം, വിജയശ്രീ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും കൃത്യമായ നിരീക്ഷണവും വിലയിരുത്തലും വേണമെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ രംഗത്ത് നേരിട്ട് ഇടപെടുന്ന വകുപ്പുകൾ, സാമൂഹ്യ സംഘടനകൾ എന്നിവയുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
കുട്ടികൾ കുറവ് മാർക്ക് വാങ്ങുന്ന സയൻസ് വിഷയങ്ങളിൽ പ്രായോഗികമായ പഠനമടക്കമുള്ള പ്രവർത്തനങ്ങൾ ഏർപ്പെടുത്തി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി പറഞ്ഞു. പരീക്ഷയിൽ മികച്ച വിജയം നേടുന്നതിനെക്കാൾ കുട്ടികളുടെ സമഗ്ര വികസനം, കായികവും മാനസികവുമായ വളർച്ചയാണ് വിദ്യാഭ്യാസം ലക്ഷ്യമിടേണ്ടതെന്ന് മുൻ അധ്യാപകനും സാഹിത്യകാരനുമായ മുണ്ടൂർ സേതുമാധവൻ പറഞ്ഞു. ഹോട്ടൽ ഗസാലയിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ബിനുമോൾ അധ്യക്ഷയായി. ഡയറ്റ് തയാറാക്കിയ സർഗ, എജ്യു റിഫ്‌ളക്ഷൻസ് പ്രസിദ്ധീകരണങ്ങൾ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. രാജേന്ദ്രന് നൽകി മുണ്ടൂർ സേതുമാധവൻ പ്രകാശനം ചെയ്തു. 2018 19 അധ്യയനവർഷത്തിലെ വരവ് ചെലവ് കണക്കുകൾ പ്രിൻസിപ്പൽ അവതരിപ്പിച്ചു.
പൊലീസ്, വനം വകുപ്പുകൾ ആദിവാസി വിഭാഗങ്ങളെ ആദിവാസി മേഖലയിൽ പ്രവർത്തിക്കാൻ നിയോഗിക്കുന്നതുപോലെ വിദ്യാഭ്യാസ വകുപ്പിലും ആദിവാസി വിഭാഗക്കാരെ നിയോഗിക്കണം, മലയാളം മീഡിയം സ്‌കൂളിൽ 'ഹലോ ഇംഗ്ലീഷ്' പദ്ധതി കൂടുതൽ വ്യാപിപ്പിക്കുക, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് കൂടുതൽ പ്രാധാന്യം നൽകുക, സ്‌കൂൾ കൗൺസിലേഴ്‌സിന്റെ സാന്നിദ്ധ്യം കൂടുതലായി പ്രയോജനപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കുക, കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് പിന്നിൽ അപകർഷതാബോധം കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.
ഡയറ്റ് സീനിയർ ലക്ചറർ പി.മുകുന്ദൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ ജയപ്രകാശ്, സാക്ഷരതാ മിഷൻ അസി കോഡിനേറ്റർ പി.വി പാർവതി, ഹെറാൾഡ് ജോൺ, ഫാദർ ജോർജ് പുതുച്ചിറ, മഹേഷ് കുമാർ, എം.അസീസ്, പ്രേം കുമാർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പ്രോഗ്രാം അഡൈ്വസറി കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്യുന്നു