ഒറ്റപ്പാലം: നഗരസഭ സ്ഥിരംസമിതി അധ്യക്ഷയുടെ പണം മോഷ്ടിക്കപ്പെട്ട സംഭവത്തിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. പാലക്കാട് നിന്നെത്തിയ വിരലടയാള ബ്യൂറോയിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. മോഷ്ടാവിന്റേതെന്ന് കരുതുന്ന വിരലടയാളം ലഭിച്ചുവെന്നാണ് സൂചന.
കൗൺസിലർമാരുടേത് അടക്കം എല്ലാവരുടെയും വിരലടയാളങ്ങൾ സംഘം ശേഖരിക്കും. സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫീസിലെ അലമാരയിൽ നിന്നാണ് സംഘം വിരലടയാളമെടുത്തത്. അലമാരയുടെ വാതിൽപ്പിടിയിൽ നിന്നാണ് സംശയാസ്പദമായ വിരലടയാളം ലഭിച്ചിട്ടുള്ളത്. ചൊവ്വാഴ്ച നഗരസഭയിലുള്ളവരുടെ വിരലടയാളം ശേഖരിക്കും. ശേഷം ഇവ ഒത്തുനോക്കി മോഷ്ടാവിനെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കൗൺസിലർമാരിൽ ചിലരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11.30നാണ് മോഷണം നടന്നത്. സ്ഥിരംസമിതി അധ്യക്ഷയുടെ ഓഫീസിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 38,000 രൂപയാണ് നഷ്ടമായത്. സന്ദർശകരും കൗൺസിലർമാരുമുൾപ്പടെ ഇതുവരെ എട്ട് ആളുകളിൽ നിന്ന് പണം നഷ്ടമായിട്ടുണ്ട്. ഇതിന് മുമ്പ് ജീവനക്കാരിയുടെ പണവും അരപവന്റെ സ്വർണവും നഷ്ടമായപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. നാണക്കേട് ഭയന്നാണ് ഇതുവരെ നഗരസഭ പൊലീസിൽ പരാതി നൽകാതിരുന്നത്.
വിരലടയാള വിദഗ്ധർ നഗരസഭയിൽ പരിശോധന നടത്തുന്നു.