nelliyampathy
കുണ്ടറച്ചോല പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു

നെല്ലിയാമ്പതി: കാലവർഷത്തിന് മുമ്പ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട കുണ്ടറചോല പാലം തുറന്നുകൊടുക്കാൻ ഒരുമാസം കൂടി വേണ്ടിവരും. ഇതോടെ യാത്രക്കാർ പോത്തുണ്ടി - നെല്ലിയാമ്പതി റോഡിൽ നിർമ്മിച്ച താൽക്കാലിക പാതയെ തന്നെ ഈ മഴക്കാലത്തും ആശ്രയിക്കേണ്ടിവരും. എന്നാൽ, അടിയന്തര സാഹചര്യത്തിൽ കുണ്ടറ പാലത്തിലൂടെ വാഹനങ്ങൾക്കു കടന്നപോകാൻ കഴിയുമെന്ന് നിർമ്മാണ ചുമതലയുള്ള അസി. എൻജിനീയർ വിജയൻ പറഞ്ഞു.

പാലത്തിന്റെ ഉപരിതലം കോൺക്രീറ്റ് ചെയ്‌തെങ്കിലും ഇരുഭാഗത്തും നിർമ്മിക്കേണ്ട പാതയുടെ ജോലികൾ പ്രാരംഭ ഘട്ടത്തിലാണ്. മഴ ശക്തമായാൽ പോത്തുണ്ടി മുതൽ കൈകാട്ടി വരെ പലയിടത്തും മണ്ണിടിയാൻ സാദ്ധ്യതയുണ്ട്. കുണ്ടറ ചോലയ്ക്ക് മുകളിലും താഴെയുമായി പത്തോളം ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 14 നാണ് ഉരുൾപൊട്ടി കുണ്ടറച്ചോല പാലം തകർന്നത്. പിന്നീട് മണൽച്ചാക്കും സിമന്റ് പൈപ്പുകളുംവച്ച് താത്കാലിക പാലം നിർമ്മിക്കുകയായിരുന്നു. എന്നാൽ ഏപ്രിൽ 22 ന് കനത്തമഴയിൽ ഈ പാതയും തകർന്നു. പിന്നീട് വീണ്ടും സ്ഥാപിച്ച താൽകാലിക പാതയിലൂടെയാണു നെല്ലിയാമ്പതിയിലേക്കുള്ള വാഹങ്ങൾ നിലവിൽ സർവീസ് നടത്തുന്നത്.

മഴക്കെടുതിക്ക് പിന്നാലെ ഏഴുമാസം പിന്നിട്ട ശേഷമാണ് 1.5 കോടി മുടക്കി 10 മീറ്റർ വീതം നീളവും വീതിയുമുള്ള പുതിയപാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. തകർന്ന പാതയുടെ സംരക്ഷണത്തിനായി 2.78 കോടി മുടക്കി 12 ഇടങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മാണവും നടക്കുന്നുണ്ട്. ഏട്ട് ഭാഗത്ത് ഭിത്തിനിർമ്മാണം പൂർത്തിയായെങ്കിലും പാതയോരത്തെ നിർമ്മാണം നടക്കുകയാണ്.

'റീബിൽഡ് കേരള' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പോത്തുണ്ടി - നെല്ലിയാമ്പതി പാത നവീകരിക്കുന്നത്. ജർമനിയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന പൂർത്തിയായി. പാതയുടെ ഉപരിതലം നന്നാക്കുന്നതോടൊപ്പം, വെള്ളം ഒഴുകുന്നതിനുള്ള ചാലുകൾ, മണ്ണിടിച്ചിൽ ഭീഷണിയുള്ള ഭാഗങ്ങളിൽ ജർമൻ സാങ്കേതിക വിദ്യയിൽ നെറ്റ് കൊണ്ടുള്ള സംരക്ഷണ ഭിത്തി എന്നിവയുമാണ് നിർമ്മിക്കുക.120 മുതൽ 150 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.