road
തകർന്ന് കിടക്കുന്ന എലിയപ്പറ്റ​- ചളവറ റോഡ്

ചെർപ്പുളശേരി: എലിയപ്പറ്റ​- ചളവറ റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് നടുവൊടിയാതെ വീട്ടിലെത്താനായാൽ ഭാഗ്യം. കുണ്ടും കുഴിയും നിറഞ്ഞ് പൂർണമായും തകർന്ന റോഡിൽ മഴ തുടങ്ങിയതോടെ വാഹന യാത്ര സാഹസമായി.

മാസങ്ങളായി തകർന്നുകിടക്കുന്ന റോഡ് ഗതാഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ടീയ പാർട്ടികൾ പ്രക്ഷോഭവുമായി രംഗത്ത് വന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. റോഡിന്റെ അറ്റകുറ്റപ്പണിക്ക് ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പ്രശ്നം.

മഴ തുടങ്ങിയതും പ്രവൃത്തികളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. കഴിഞ്ഞ മാസം ക്ഷണിച്ച ദർഘാസിൽ ഒരു കരാറുകാരൻ മാത്രമാണ് പങ്കെടുത്തത്. ഇത് നിയമപരമായി സാധുവല്ലാത്തതിനാൽ വീണ്ടും ദർഘാസ് ക്ഷണിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.

ഇരുചക്രവാഹനങ്ങളും ഓട്ടോകളും ഏറെ സാഹസപ്പെട്ടാണ് റോഡിലൂടെ കടന്നുപോകുന്നത്. മഴ തുടങ്ങിയതോടെ റോഡിലെ ചെളിക്കുഴികളിൽ വീണ് വാഹനാപകടങ്ങളും പതിവായി. നേരത്തെ ക്വാറി വേസ്റ്റിട്ട് വലിയ കുഴികൾ മൂടിയിരുന്നെങ്കിലും മഴ പെയ്‌തോടെ കല്ലുകൾ അടർന്ന് പൊന്തി നിൽക്കുന്നത് വാഹനയാത്ര ദുഷ്കരമാക്കുന്നു.

നേരത്തെ,​ ടാർ ക്ഷാമവും പ്രവൃത്തികൾക്ക് തടസമായിരുന്നെങ്കിലും മഴ തുടങ്ങിയ സാഹചര്യത്തിൽ ഇനി പ്രവൃത്തി നടത്തുന്നതും ഗുണകരമായേക്കില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും കരാറുകാർ ഏറ്റെടുത്താൽ ഉടൻ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിലപാട്.