blood

പാലക്കാട്: പിങ്ക് നിറമുള്ള രക്തവുമായി ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സയിലൂടെ സാധാരണ നിലയിലെത്തിച്ചതായി കഞ്ചിക്കോട് അഹല്യ വനിതാ - ശിശു ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ലോകത്തിൽ പത്തുലക്ഷത്തിൽ ഒരാൾക്കുമാത്രം കാണപ്പെടുന്ന അപൂർവമായ രോഗവസ്ഥയാണ് ഇത്. എലപ്പുള്ളി സ്വദേശികളായ നന്ദകുമാർ - ലിസി ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകൻ ആയുഷിനാണ് രോഗം ബാധിച്ചത്. മൂത്രത്തിലൂടെ രക്തം പോകുന്നതായി കണ്ടതിനെ തുടർന്ന് 24 ദിവസം പ്രായമുള്ളപ്പോഴാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.


പരിശോധനയ്ക്കായി രക്തം എടുപ്പോഴാണ് നിറവ്യത്യാസം തിരിച്ചറിഞ്ഞത്. കൂടാതെ സാധാരണയിൽ കവിഞ്ഞ് കട്ടിയും വഴുപ്പും ഉണ്ടായിരുന്ന രക്തത്തിന്റെ സാമ്പിൾ ലാബ് ഉപകരണങ്ങൾക്കുപോലും തിരിച്ചറിയാനായില്ലെന്നും അധികൃതർ പറഞ്ഞു. ഗവേഷണത്തിൽ ആയുഷിന് കോൺജെനിഷൽ ഹൈപെട്രിഗ്ലിസെറിഡെമ്യാ എന്ന രോഗമാണെന്ന് കണ്ടെത്തി. ആവശ്യമുള്ള എൻസൈമുകളുടെ അഭാവംമൂലം ഒരു വ്യക്തിയുടെ ശരീരത്തിന് കൊഴുപ്പുകളെ ഉപാപചയം വഴി നിർവീര്യമാക്കാൻ കഴിയാത്തതാണ് ഈ രോഗാവസ്ഥ. അതിനാൽ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നത് നിറുത്തി പകരം യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ഫോർമുലപ്പൊടി നൽകി.

ഒപ്പം തുടർ പരിശോധനയും നടത്തി. നിലവിൽ പ്രത്യേക ഭക്ഷണരീതിയിലൂടെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. ഇപ്പോൾ നാലു മാസം പ്രായമായ കുഞ്ഞ് മതിയായ ഭാരം നേടിയതായും രക്തത്തിന്റെ നിറം ചുവപ്പായതായും ഡോക്ടർമാർ അറിയിച്ചു. രോഗം പൂർണമായി മാറ്റാൻ ചികിത്സയില്ലാത്തതിനാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും സമാന അസുഖംമൂലം മരിച്ചിരുന്നു. കോഴിക്കോട്, കോവൈ മെഡിക്കൽ കോളജുകളിൽ ചികിത്സ തേടിയെങ്കിലും രോഗം നിർണയിക്കാൻ കഴിയാതിരുന്നതിനാലാണ് കുട്ടി മരിച്ചത്. പക്ഷേ, രണ്ടാമത്തെ കുഞ്ഞ് ആരോഗ്യവാനാണ്. ആയുഷ് മൂന്നാമത്തെ മകനാണ്.

വാർത്താസമ്മേളനത്തിൽ ഡോ: പത്മേഷ് വടക്കേപ്പാട്ട്, ഡോ: ബി.ലക്ഷ്മി, നന്ദകുമാർ, ലിസി എന്നിവർ പങ്കെടുത്തു.