പോത്തുണ്ടി: സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി പോത്തുണ്ടി ഉദ്യാനത്തിലെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. പോത്തുണ്ടി അണക്കെട്ടിനോട് ചേർന്ന് നിലവിലുള്ള ഉദ്യാനത്തിന്റെ ഭാഗമായാണ് പുതിയ കളിയുപകരണങ്ങളും സാഹസിക ഉപകരണങ്ങളും സ്ഥാപിക്കുന്നത്.
1958ൽ ഗവർണർ ഡോ.ആർ.രാധാകൃഷ്ണ റാവുവാണ് പോത്തുണ്ടി അണക്കെട്ടിന് ശിലാസ്ഥാപനം നടത്തിയത്. 1672 മീറ്റർ നീളത്തിൽ മണ്ണുകൊണ്ട് നിർമ്മിച്ച അണക്കെട്ട് 1966ൽ പൂർത്തിയായി. ഇതിനുശേഷമാണ് പൂന്തോട്ടം നിർമ്മിച്ചത്.
2008ൽ അലങ്കാരച്ചെടികൾ, നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടെ സ്ഥാപിച്ച് നവീകരിച്ചു. ആവശ്യത്തിന് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാത്തതിനാൽ ഉദ്യാനത്തിനകത്തേക്കുള്ള പ്രവേശനം വൈകിട്ട് ആറിന് ശേഷം അനുവദിച്ചിരുന്നില്ല. അതുകൊണ്ട് നെല്ലിയാമ്പതി കണ്ടുമടങ്ങുന്നവർക്ക് ഉദ്യാനത്തിൽ കയറാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിലാണ് 4.5 കോടി രൂപ ചെലവിൽ നിലവിലെ ഉദ്യാനത്തോട് ചേർന്ന് നാലര ഏക്കറിൽ നവീകരണം നടക്കുന്നത്. കുട്ടികൾക്കുള്ള കളിസ്ഥലം, ഷൂട്ടിംഗ് പോയിന്റ്, ക്വാഡ് ബൈക്കിംഗ്, റോപ്പ് സൈക്കിളിംഗ്, ഓപ്പൺ ജിം തുടങ്ങിയ എട്ടിലധികം ഇനങ്ങളാണ് പുതുതായി സജീകരിക്കുന്നത്.
ഇതിൽ 80 മീറ്റർ ദുരമുള്ള റോപ്പ് സൈക്കിളിംഗിന്റെ പണി ആരംഭിച്ചിട്ടേയുള്ളൂ. നീന്തൽക്കുളം, 1400 മീറ്റർ നടപ്പാത, പൂന്തോട്ടം, ജലധാര, ഓപ്പൺ സ്റ്റേജ് എന്നിവയും നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. തണൽ മരങ്ങൾ വച്ചുപിടിപ്പിച്ച് പണി വേഗത്തിൽ പൂർത്തിയാക്കി ഓണത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.