പാലക്കാട്: 20 ലക്ഷം രൂപയുടെ വികസന പദ്ധതിയുമായി റോട്ടറി ക്ലബ്. പുതുശ്ശേരി പഞ്ചായത്തിലെ വാദ്ധ്യാർചള്ള വനവാസി കോളനിയാണ് റോട്ടറി ഗ്രാമമായി വികസനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.

തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, കൃഷി എന്നിവക്ക് ഊന്നൽ നൽകുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഡയറി ഫാം, ടെയിലറിംഗ് യൂണിറ്റ് എന്നിവ തയ്യാറാക്കും. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ജൂലായിൽ നടക്കും. റോട്ടറിയുടെ പ്രസിഡന്റ്, സെക്രട്ടറി, വനവാസി കോളനിയിലെ മുതിർന്ന അംഗങ്ങൾ, യുവാക്കൾ എന്നിവർ ഉൾപ്പെടുന്ന സ്വയം സഹായ സംഘമാണ് ഡയറി ഫാം, ടെയിലറിംഗ് യൂണിറ്റ് എന്നിവയുടെ മേൽന്നോട്ടം വഹിക്കുക. മെഡിക്കൽ ക്യാമ്പുകൾ, ശുചിത്വം, സ്വയം പര്യാപ്തത ഇവയിൽ നിരന്തരം ക്ലാസുകളും സംഘടിപ്പിക്കും.
എല്ലാ കുട്ടികളിലും വിദ്യാഭ്യാസം, വയോജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുക തുടങ്ങിയ പദ്ധതികളുമുണ്ട്. ഡയറി ഫാമിൽ നിന്നും ലഭിക്കുന്ന ജൈവവളം കൊണ്ട് ഔഷധച്ചെടി കൃഷി മൂന്നാംഘട്ടത്തിൽ തുടങ്ങാനാണ് ക്ലബിന്റെ പദ്ധതി. എല്ലാ വീടുകളിലും കുടിവെള്ളം, വൈദ്യുതി ഇവയുടെ ലഭ്യതയ്ക്കുവേണ്ട സഹായവും ക്ലബ് ചെയ്യും.

കൂടാതെ 150ൽ അധികം വനവാസി വിദ്യാർത്ഥികൾ പഠിക്കുന്ന കല്ലേകുളങ്ങര ഹേമാംബിക സംസ്കൃത വിദ്യാലയത്തിലും പാലക്കാട് റോട്ടറി ക്ലബ് വികസന പദ്ധതികൾ തുടങ്ങുന്നുണ്ട്. പെൺകുട്ടികൾക്ക് ശൗചാലയം, ക്ലാസ് മുറികളിലേക്കുള്ള ഫർണീച്ചർ എന്നിവയും പദ്ധതിയിൽ ഉൾപെടും.