പാലക്കാട്: റോഡപകടങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പും പൊലീസും സംയുക്തമായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അപകട മരണങ്ങൾക്ക് ഒട്ടും കുറവില്ല.
ഇന്നലെ വാളയാർ പതിനാലാംകല്ല് ജംഗഷനിലെ അപകടത്തിൽപ്പെട്ട് മരിച്ച അഞ്ചുപേർ ഉൾപ്പെടെ ജില്ലയിൽ ജൂൺ മാസത്തിൽ മാത്രം നിരത്തിൽ പൊലിഞ്ഞത് 38 ജീവനുകളാണ്. മരണസംഖ്യയുടെ അടിസ്ഥാനത്തിൽ ഈ മാസത്തെ ഏറ്റവും വലിയ രണ്ടാമത്തെ അപകടമാണ് ഇന്നലെ നടന്നത്. ഈ മാസം ഒമ്പതിന് ഉച്ചയ്ക്ക് കൊടുവായൂർ തണ്ണിശ്ശേരിക്ക് സമീപം ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചിരുന്നു. അടിക്കടിയുണ്ടാകുന്ന അപകടങ്ങളിൽ വിറംകല്ലിച്ചി നിൽക്കുകയാണ് പാലക്കാട്.
വാഹനപ്പെരുപ്പവും റോഡ് നിയമങ്ങൾ ലംഘിച്ചുള്ള ഡ്രൈവിംഗുമാണ് അപകടങ്ങളുടെ പ്രധാന കാരണം. ജില്ലയിലെ വിവിധയിടങ്ങളിലായി ഈ മാസം ഇതുവരെ 224 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 25 കേസുകളിലായി 38 പേർ മരിച്ചു. 195 കേസുകളിലായി 232 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഈ വർഷം ഇതുവരെ 1326 അപകടങ്ങളിലായി 222 പേർ മരിച്ചു. ജില്ലയിൽ ഓരോ വർഷവും റോഡപകടങ്ങളിൽപ്പെട്ട് ശരാശരി 300റോളം ജീവനുകളാണ് അപഹരിക്കപ്പെടുന്നത്. മരണപ്പെടുന്നതിൽ ഏറെയും യുവാക്കളാണ്. അമിത വേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്ന് റോഡ് സുരക്ഷാ വിഭാഗം അധികൃതർ പറയുന്നു. ഇന്നലെ വാളയാറിലുണ്ടായ അപകടത്തിന് പിന്നിലും അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അപകടങ്ങളുടെ കണക്ക്
വർഷം- അപകടം- മരണം
2015- 2588- 424
2016- 2490- 366
2017- 2442- 384
2018- 2411- 347
2019 (ജൂൺ വരെ)-1326- 222
ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്
സ്പീഡ് ഗവർണർ പ്രവർത്തനക്ഷമെന്ന് ഉറപ്പുവരുത്തുക
ടയർ, ബ്രേക്ക്, ലൈറ്റ്, സ്റ്റീയറിംഗ്, വൈപ്പറുകൾ എന്നിവ പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കുക
നിയന്ത്രിക്കാൻ സാധിക്കാത്ത വേഗത്തിൽ വാഹനം ഓടിക്കാതിരിക്കുക
ട്രാഫിക് നിയമം മനസിലാക്കുകയും പാലിക്കുകയും ചെയ്യുക
വളവുകളിൽ ഹോണടിക്കുകയും സ്പീഡ് കുറയ്ക്കുകയും ചെയ്യുക
വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് ദിവസവും വൃത്തിയാക്കുക
സ്‌കൂൾ, ആശുപത്രി തുടങ്ങിയ വേഗത കുറയ്‌ക്കേണ്ട സ്ഥലങ്ങളിൽ അവ പാലിക്കുക
മദ്യപിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചും വാഹനം ഓടിക്കരുത്
ഉറക്കം വന്നാൽ വാഹനം ഒതുക്കിനിറുത്തി ക്ഷീണം മാറ്റിയ ശേഷം മാത്രം യാത്ര തുടരുക