പാലക്കാട് : വാളയാർ വട്ടപ്പാറയ്‌ക്ക് സമീപം ദേശീയപാതയിൽ നിറുത്തിയിട്ട കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഒമിനി വാനിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. ഏഴുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കോയമ്പത്തൂർ കരിമ്പ് കടൈ ഭാരതി നഗറിൽ അബ്‌ദുൾ മജീദിന്റെ ഭാര്യ ഫൈറോജ് ബീഗം (65), ഇവരുടെ ചെറുമകൾ അൽഫ ഷിൽദ (രണ്ടര), ബന്ധുവായ മൊയ്‌തീൻ അബുവിന്റെ മക്കൾ ഷെറിൻ (13), മുഹമ്മദ് റയാൻ (9), വാൻ ഡ്രൈവർ കോയമ്പത്തൂർ കുനിയമ്പുത്തൂർ കുറിച്ചിപ്പിരിവ് ഇട്ടോരി ഷംസദ് ഖാനിന്റെ മകൻ മുഹമ്മദ് ഷാജഹാൻ (30) എന്നിവരാണ് മരിച്ചത്. മൂന്നുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിക്ക് കൊണ്ടുപോകും വഴിയും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന ഫൈറോജ് ബീഗത്തിന്റെ മകൾ ഫരീദ (42), ചെറുമകൾ ഇനിയ ഫർഹത്ത് (12), ബിനാസ് (36), മക്കളായ നിഷ്മ (12), മുഹമ്മദ് റിസ്വാൻ (5), ബന്ധുവായ മൊയ്‌തീൻ അബുവിന്റെ ഭാര്യ സാജിത (28), മെഹരാജ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്കു ശേഷം കോയമ്പത്തൂരിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്‌ക്ക് 1.50 നായിരുന്നു അപകടം. ഫൈറോജ് ബീഗത്തിന്റെ സഹോദരൻ എ.എം. ഷെയ്ഖ് പാലക്കാട് ചന്ദ്രനഗർ ചൈതന്യ കോളനിയിലാണ് താമസിക്കുന്നത്. ഇവരുടെ മരുമകളുടെ പ്രസവത്തിന് മുന്നോടിയായുള്ള ചടങ്ങിൽ പങ്കെടുക്കാനാണ് സംഘം പാലക്കാട്ടേക്ക് പുറപ്പെട്ടത്. കുട്ടികളുൾപ്പെടെ 12 പേരാണ് വാനിലുണ്ടായിരുന്നത്.
വാളയാർ വട്ടപ്പാറയ്‌ക്ക് സമീപം പതിനാലാം കല്ല് ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് പിന്നിലേക്ക് വാൻ ഇടിച്ചുകയറുകയായിരുന്നു. വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഉടൻ ഫയർഫോഴ്‌സും വാളയാർ, കസബ സ്റ്റേഷനുകളിലെ പൊലീസും ഹൈവേ പട്രോൾ സംഘവും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടവിവരമറിഞ്ഞ് പാലക്കാട്ടെ ബന്ധുക്കൾ ജില്ലാ ആശുപത്രിയിലെത്തി. പോസ്റ്റ്‌മോർട്ടം രാത്രി തന്നെ നടത്താനാണ് തീരുമാനം. വാളയാർ പൊലീസ് കേസെടുത്തു.