പാലക്കാട്: സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി തൂലിക ചലിപ്പിച്ച എഴുത്തുകാരനാണ് ഒ.വി.വിജയനെന്ന് മന്ത്രി എ.കെ.ബാലൻ. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഒ.വി.വിജയൻ സ്മാരക സമിതിക്കായി തസ്രാക്കിൽ നിർമ്മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തസ്രാക്കിൽ നിർമിച്ചിരിക്കുന്ന ലഘു ഭക്ഷണശാലയുടെയും പുസ്തകശാലയുടെയും ഉപഹാരശാലയുടെയും ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. പി.വി.സുജിത് എടുത്ത തസ്രാക്ക് ഹിമാലയൻ ചിത്രങ്ങളുടെ പ്രദർശനമായ 'ഋതുക്കൾ' ഉദ്ഘാടനവും ഒ.വി വിജയൻ സ്മാരക നോവൽ, ചെറുകഥ, യുവ കഥ പുരസ്‌കാര സമർപ്പണവും മന്ത്രി എ.കെ ബാലൻ നിർവഹിച്ചു.
ഒ.വി വിജയൻ സ്മാരക സമിതി ചെയർമാൻ ടി.കെ നാരായണദാസ് അധ്യക്ഷനായി. ഒ.വി വിജയൻ സ്മാരക പുരസ്‌കാര ജേതാക്കളെ ആഷാമേനോൻ(നോവൽ വിഭാഗം) ടി.കെ ശങ്കരനാരായണൻ (ചെറുകഥാ വിഭാഗം), ഡോ. പി.ആർ. ജയശീലൻ(യുവകഥ വിഭാഗം) എന്നിവർ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ, പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരി, സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ.പ്രഭാകരൻ പഴശി, ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ അജയൻ, സി.പി ചിത്രഭാനു, പത്മശ്രീ ശിവൻ നമ്പൂതിരി, ജ്യോതിബായ് പരിയാടത്ത് തുടങ്ങിയവർ പങ്കെടുത്തു.