പാലക്കാട്: ദേശീയപാതയോരത്തെ അനധികൃത വാർഹന പാർക്കിംഗ് അപകടം വിളിച്ചുവരുത്തുന്നു. ഇന്നലെ വാളയാർ വട്ടപ്പാറയ്ക്ക് സമീപം പതിനാലാംകല്ല് ജംഗ്ഷനിൽ മൂന്ന് കുട്ടികളടക്കം അഞ്ച്പേരുടെ ദാരുണമരണത്തിന് വഴിയൊരുക്കിയതും കണ്ടെയൻ ലോറികളുടെ അനധികൃത പാർക്കിംഗാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

പാലക്കാട്ടെ ബന്ധുവിന്റെ വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ നിന്നുവന്ന 12 അംഗം സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ഒമിനി വാഹനം പതിനാലാം കല്ലിൽ നിറുത്തിയിട്ട കണ്ടെയ്‌നർ ലോറിയിലിടിക്കുകയായിരുന്നു. ഇവിടെ വലിയ വളവയായതിനാൽ ലോറി നിറുത്തിയിട്ടത് മാരുതിവാൻ ഡൈവർക്ക് കാണാൻ സാധിച്ചിട്ടുണ്ടാവില്ല എന്നാണ് പൊലീസ് പറയുന്നത്.

ദേശീയപാതയോരത്തും അനുബന്ധ സർവീസ് റോഡുകളോടും ചേർന്നാണ് പ്രദേശത്ത് ഭൂരിഭാഗം വർക്ക് ഷോപ്പുകളും പ്രവർത്തിക്കുന്നത്. കേടുവന്ന ലോറികൾ തിരക്കുള്ള പകൽ സമയത്തും ദേശീയ പാതയോരത്തുവച്ചുതന്നെയാണ് നന്നാക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും മണഇക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. വലിയ വളവായതിനാൽ വാഹനം അടുത്തെത്തുമ്പോഴാണ് പാർക്ക് ചെയ്ത വാഹനങ്ങളെ കാണുക. ഉടനെ ബ്രേക്ക് ചവിട്ടിയാലും നിയന്ത്രണം വിടാനുള്ള സാദ്ധ്യതയാണുള്ളത്. അപകടങ്ങൾ നിത്യ സംഭവമായതിനെ തുടർന്ന് അനധികൃത പാർക്കിംഗിന് എതിരെ നടപടിയെടുക്കണമെന്ന് യാത്രക്കാർ പരാതിപ്പെട്ടിട്ടും ദേശീയപാത അതോറിട്ടി നടപടിയെടുത്തിട്ടില്ല എന്നതാണ് ആക്ഷേപം.

അമിത ഭാരമുള്ള കണ്ടെയ്‌നർ ലോറികൾക്ക് പകൽ സമയത്ത് ദേശീയപാതയിലൂടെ സഞ്ചരിക്കുന്നത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമ ലംഘനങ്ങൾ സാധാരണമാണ്. കുതിരാനിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് പകൽസമയങ്ങളിൽ മണിക്കൂറോളം ഗതാഗതക്കുരുക്കും സാധാരണമാണ്. ഇതിനെതിരെ അടിയന്തരമായി നടപടിവേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.