പാലക്കാട്: എസ്.ബി.ഐ ജംഗ്ഷനിലെ ഒ.വി.വിജയന്റെ പ്രതിമ നിന്നിരുന്ന സ്ഥലം നീക്കംചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. സ്ഥലമേറ്റെടുത്ത് നഗരസഭ അധികൃതർ ബോർഡ് സ്ഥാപിച്ചതാണ് പുതിയ സംഭവം. നഗരസഭയുടെ കീഴിലുള്ള സ്ഥലത്ത് മറ്റു സംഘടനകൾക്ക് യാതൊരുവിധ അധികാരവുമില്ലെന്ന് വ്യക്തമാക്കിയാണ് അധികൃതർ ഇന്നലെ ഉച്ചയോടെ ബോർഡ് സ്ഥാപിച്ചത്. നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, സി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൗൺസിലർമാരായ വി.നടേശൻ, എം.സുനിൽ, സി.മധു, സുഭാഷ് എന്നിവരാണ് ബോർഡ് സ്ഥാപിച്ചത്.
എന്നാൽ 2004 മുതൽ ഈ സ്ഥലം തങ്ങൾ സംരക്ഷിച്ചുവരുകയാണെന്ന് പാലക്കാട് മുന്നോട്ട് സംഘടന വ്യക്തമാക്കി. കഴിഞ്ഞ 15 വർഷമായി തങ്ങളോട് ആരും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ചോദിച്ചിട്ടില്ല. ബോർഡ് വെയ്ക്കുന്നതിനു മുന്നോടിയായി നഗരസഭ തങ്ങൾക്ക് നോട്ടീസ് നൽകിയില്ലെന്നും സംഘടന പ്രസിഡന്റ് ഡോ: എം.എൻ.അനുവറുദ്ദീൻ പറഞ്ഞു. പൊതുജനതാൽപര്യാർത്ഥമാണ് പ്രതിമ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലം നവീകരിച്ച് പരിപാലിക്കുന്നതിനായി 15 വർഷം മുമ്പ് അന്നത്തെ ജില്ലാ കളക്ടറാണ് തങ്ങൾക്ക് കൈമാറിയതെന്നാണ് സംഘടനയുടെ വാദം. എന്നാൽ ഇക്കാര്യം അറിയില്ലെന്നും നഗരസഭയുടെ സ്ഥലം മറ്റൊരാൾക്ക് നൽകാൻ കളക്ടർക്ക് അധികാരമില്ലെന്നും കൗൺസിൽ ചർച്ച ചെയ്ത ശേഷം പ്രതിമ തിരികെ സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമെന്നും വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ പറഞ്ഞു.
വാഹനങ്ങൾക്ക് കാഴ്ച വ്യക്തമായ ലഭിക്കുന്നില്ലെന്ന പരാതിയിൽ പ്രതിമ ഇവിടെനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് മുന്നോട്ട് ജില്ലാ കളക്ടർക്കും കോടതിയിലും പരാതി നൽകിയിരുന്നു. തുടർന്ന് കോടതി ഉത്തരവുണ്ടെന്ന് കാണിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിമ സ്ഥലത്തുനിന്നും തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിലേക്ക് മാറ്റിയത്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയതോടെ കൗൺസിലിന്റെ അനുമതിയോടെ സ്ഥാപിച്ച പ്രതിമ മാറ്റിയതിനെതിരെ നഗരസഭ ടൗൺ സൗത്ത് പോലീസിൽ പരാതിയും നൽകി. ഒ.വി. വിജയന്റെ പ്രതിമ ഈ സ്ഥലത്തുതന്നെ തിരികെ കൊണ്ടുവരുമെന്ന് ബോർഡ് സ്ഥാപിച്ച ശേഷം നഗരസഭ ചെയർപേഴ്‌സൺ പറഞ്ഞു