പാലക്കാട്: ദേശീയപാത വാളയാറിൽ കഴിഞ്ഞ ദിവസം കണ്ടെയ്‌നർ ലോറിക്കു പിന്നിൽ ഓമ്‌നി വാൻ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ കരിമ്പുക്കടൈ ബിനാസിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ (5) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
ശനിയാഴ്ച ഉച്ചയ്ക്ക് 1.50നാണ് വാളയാർ പതിന്നാലാം കല്ലിൽ നിറുത്തിയിട്ട കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ നിയന്ത്രണംവിട്ട ഓമ്‌നി വാനിടിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മറ്റൊരാൾ ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിസ്‌വാൻ ഉൾപ്പെടെ ഏഴുപേരെ കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് റിസ്‌വാൻ മരിച്ചത്. റിസ്‌വാന്റെ അമ്മ ബിനാസും സഹോദരി നിഷ്‌മയും ഉൾപ്പെടെ ആറുപേർ ഇപ്പോഴും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മരിച്ചവരിൽ നാലുപേരും കുട്ടികളാണ്. വാനിൽ 12 പേരാണ് ഉണ്ടായിരുന്നത്. അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂരിൽ നിന്ന് പാലക്കാട് ചന്ദ്രനഗറിലെ ബന്ധുവീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.