പത്തനംതിട്ട: ചുമർ മുഴുവൻ ചിത്രങ്ങൾ, പറന്നുയരുന്ന വിമാനം, തീവണ്ടി, കെ.എസ്.ആർ.ടി.സി ബസ് വർണാഭവമാണ് സ്കൂളുകൾ. പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും ഒരുങ്ങി. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽ നടക്കുന്നുണ്ട്. സർക്കാർ , എയ്ഡഡ് സ്‌കൂളുകൾ പ്രവേശനോത്സവങ്ങൾ നടത്താനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ പുതിയതായി എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞ തവണ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു. കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ഇത്തവണ കാര്യമായ ഇടപെടൽ ഉണ്ടാകും.സ്‌കൂൾ പരിസരത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് വിദ്യാഭ്യാസ ഓഫീസർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുത പോസ്റ്റുകൾ,സ്‌കൂൾ പരിസരത്തെ വെള്ളക്കെട്ടുകൾ, കുളങ്ങൾ എന്നിവ അപകട രഹിതമാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും.സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധനയും നടത്തി.
അദ്ധ്യാപകരുടെ അവധിക്കാല പരിശീലനങ്ങൾ പൂർത്തിയായിട്ടുണ്ട് . ജില്ലാതല പ്രവേശനോൽസവം ജൂൺ 6ന് കലഞ്ഞൂർ ഗവ.എൽ.പി,ഹയർസെക്കൻഡറി സ്‌കൂളുകളിലായി നടക്കും.
വ്യാഴാഴ്ച സ്‌കൂൾ തുറക്കും, വിപണി ഒരുങ്ങി
സാധനങ്ങൾക്കെല്ലാം മുൻ വർഷങ്ങളെക്കാൾ വിലയാണ്. ബാഗും കുടയും ചെരുപ്പും വസ്ത്രങ്ങളുമെല്ലാം വില്പന തുടങ്ങി. ഓൺലൈൻ വിപണി എത്തിയതോടെ കച്ചവടത്തിൽ കുറവ് വന്നിട്ടുണ്ട്. ചെറുകിട വിൽപ്പനക്കാർ ആണ് ബുദ്ധിമുട്ടിലായത്. മുന്നൂറ് രൂപ മുതൽ 1300 രൂപ വരെയുള്ള ബാഗുകളുണ്ട്. കുടയ്ക്ക് 250 രൂപ മുതലാണ് വില. ബാഗിനോടൊപ്പം കുട സൗജന്യമായി നൽകുന്നവരുമുണ്ട്.
കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളും
കാർട്ടൂൺ കഥാപാത്രമായ ഛോട്ടാഭീം, ഡോറാ ബുജി, ബാർബി, മിക്കിമൗസ് എന്നിവയുടെ ചിത്രം പതിച്ച ബാഗും കുടയും വാട്ടർ ബോട്ടിലും എല്ലാം വിപണിയിലുണ്ട്. സ്കൂളിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി സഹകരണ സ്‌കൂൾ മാർക്കറ്റും പത്തനംതിട്ടയിൽ സജീവമായി.കൺസ്യൂമർഫെഡും ടീച്ചേഴ്‌സ് ആൻഡ് റിട്ട.ടീച്ചേഴ്‌സ് സഹകരണ സംഘവും ചേർന്നാണ് അബാൻ ജംഗ്ഷനിൽ സ്‌കൂൾ വിപണി ആരംഭിച്ചിട്ടുള്ളത്. സമത സഹകരണ സൂപ്പർ മാർക്കറ്റിലും സ്‌കൂൾ വിപണിയുണ്ട്. 5 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ നോട്ട് ബുക്കുകൾ ലഭ്യമാണ്.