പത്തനംതിട്ട : ബുജമ്മയും സുബയ്യയും ആന്ധ്രാക്കാരാണ്. പക്ഷേ പത്തനംതിട്ട സ്വന്തം നാടുപോലെയാണ് ഇരുവർക്കും. വർഷത്തിൽ പകുതിയും ഇവിടെയുണ്ടാകും.. കുട്ടനെയ്ത്തും ചൂല് ഉണ്ടാക്കലുമാണ് ജോലി. മഴ തുടങ്ങുമ്പോൾ ആന്ധ്രയിലേക്കു പോകും.. പത്തുവർഷമായി ഇതു തുടരുന്നതിനാൽ പത്തനംതിട്ടയും സ്വന്തം നാടുപോലെയാണെന്ന് ഇരുവരും പറയുന്നു. മഴയെത്തും മുമ്പേ കുട്ടനെയ്ത് വിറ്റിട്ടു വേണം ആന്ധ്രയിലെ വീട്ടിലേക്ക് പോകാൻ. പിന്നെ മഴക്കാലം കഴിഞ്ഞാണ് മടക്കം. ഇരുവർക്കും മലയാളം അറിയാം.. അതുകൊണ്ടുതന്നെ ആന്ധ്രകഴിഞ്ഞാൽ കേരളത്തോടാണ് താത്പര്യം..
ആന്ധ്രയിലെ ഇവരുടെ സേട്ട് മലയാളം കുറച്ച് പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹമാണ് ഇവിടേക്ക് അയച്ചത്.കുട്ടനെയ്യാനുള്ള ചൂരൽ ആന്ധ്രയിൽ നിന്നാണ് കൊണ്ടുവരുന്നത്..സ്റ്റോക്ക് തീരുന്നതിനനുസരിച്ച് .ചൂരൽ ആന്ധ്രയിൽ നിന്ന് എത്തും.അമ്പതിനായിരം രൂപയുടെ ലോഡാണ് ഓരോ പ്രാവിശ്യം ഇറക്കുന്നത്. എണ്ണൂറ് രൂപ കിട്ടിയാൽ അഞ്ഞൂറ് രൂപ സേട്ടിന് നൽകണം. ഒരു കുട്ടയ്ക്ക് 160 രൂപയാണ് വില. ആന്ധ്രയിൽ ഒരു കുട്ടയ്ക്ക് 100 രൂപയെ കിട്ടു. കടകളിലും വീടുകളിലും തലച്ചുമടായി കൊണ്ടുനടന്നാണ് കുട്ടവിൽക്കുന്നത്.
പുറമ്പോക്ക് ഭൂമിയിലെ കുടിലിലാണ് കുട്ടനെയ്ത്തും. മുപ്പത് കുട്ടയാകുമ്പോൾ വിൽക്കാൻ കൊണ്ടുപോകും. കൂട്ടത്തിൽ ചൂലും വിൽപനയ്ക്കുണ്ട്..
ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയാണ് സ്വദേശം. രണ്ട് ആൺമക്കളുണ്ട്. അവർക്ക് കൂലിപ്പണിയാണ്. മൂന്ന് സെന്റ് സ്ഥലമേയുള്ളു. അതിൽ നെല്ല് കൃഷി ചെയ്യുന്നു. അതാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്.
എങ്ങനെയെങ്കിലും ഭക്ഷണത്തിനുള്ള വകകണ്ടെത്തണം.. അതിനിടയിൽ മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ പോലും ബുജമ്മയ്ക്കും സുബയ്യയ്ക്കും നേരമില്ല..
രാഷ്ട്രീയത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും അറിയില്ല. ആര് ജയിച്ചാലും പാവങ്ങൾക്ക് എന്നും കഷ്ടപ്പാടേയുള്ളെന്ന് ദമ്പതികൾ പറയുന്നു.