കൊടുമൺ:കൊടുമണ്ണിൽ ഇപ്പോൾ അതിഥികൾക്ക് നൽകുന്നത് ചായയും ശീതള പാനിയവുമൊന്നുമല്ല. കഞ്ഞിവെള്ളമാണ്. അതും നല്ല ഒന്നാന്തരം രക്തശാലി അരിയുടെ കഞ്ഞിവെള്ളം. കൊടുമൺ റൈസാണ് നാട്ടുകാരുടെ ശീലം മാറ്റിമറിച്ചത്. കാൽനൂറ്റാണ്ടായി തരിശായിക്കിടന്ന നിലങ്ങളിലാണ് പാടശേഖര സമിതി കൃഷിയിറക്കിയത്. 250ൽ പരം കർഷകരുടെ അദ്ധ്വാനമാണ് കൊടുമൺ റൈസ് എന്ന ബ്രാൻഡിന് പിന്നിൽ. കിലോയ്ക്ക് 50 രൂപയാണ് വില.
20 ടൺ അരി രണ്ടാഴ്ചകൊണ്ട് വിറ്റുതീർന്നു. അരിയുടെ കഞ്ഞിവെള്ളം പോഷകസമൃദ്ധവും രുചികരവുമാണ്. പഴമയേറെയുള്ള നെൽവിത്താണ് രക്തശാലി. രാജകൊട്ടാരങ്ങളിലെ അറകളിലും താഴികക്കുടങ്ങളിലും ഇതിന്റെ വിത്ത് സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. രാജകുടുംബങ്ങളിൽ ഈ അരിയാണ് ഉപയോഗിച്ചിരുന്നത് . അരികഴുകുമ്പോൾ വെള്ളത്തിന് തവിട്ട് നിറം കുറവാണ്. വേവ് അല്പം കൂടുതലുണ്ട്. കഞ്ഞിവെള്ളത്തിന് ഔഷധഗുണവുമുണ്ട്. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യ വർദ്ധനവിനും രക്തശാലി അരിയുടെ ചോറും കഞ്ഞിവെള്ളവും ഉത്തമമാണെന്ന് ആയുർവേദ വൈദ്യൻമാർ പണ്ടേ പറഞ്ഞിട്ടുണ്ട്. പഴയകാലത്ത് രക്തശാലി നെല്ല് കൃഷി ചെയ്യാൻ പ്രത്യേക സ്ഥലവുമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് കൊടുമണ്ണിൽ ഈ വിത്ത് കൃഷി ചെയ്തത്. പ്രിയമേറിയതോടെ ജൈവവളം മാത്രം ഉപയോഗിച്ച് കൂടുതൽ സ്ഥലങ്ങളിൽ കൃഷിചെയ്യുമെന്ന് പാടശേഖരസമിതിക്കു നേതൃത്വം കൊടുക്കുന്ന എ.എൻ. സലിം പറഞ്ഞു.
തരിശായികിടക്കുന്ന നിലങ്ങളിൽ കൃഷിചെയ്യാൻ കൂടുതൽ കൃഷിക്കാർ മുന്നോട്ടുവരുന്നുണ്ട്. പക്ഷേ കർഷക തൊഴിലാളികളുടെ ക്ഷാമം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കൃഷി നടന്നത് 260 ഏക്കറിൽ
കൊടുമൺ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെ പാടശേഖര സമിതിയാണ് പദ്ധതി ആവിഷ്കരിച്ചത്. 260 ഏക്കറിലാണ് കൃഷി ചെയ്തത്. നാല് ലക്ഷത്തിൽപ്പരം കിലോ നെല്ല് സംഭരിച്ചു. രക്തശാലി കൂടാതെ ഉമ, ജ്യോതി, ശ്രേയസ് വിത്തുകളും വിതച്ചു. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് കൃഷിക്കാവശ്യമായ തുക കണ്ടെത്തിയത്. ഒായിൽപാം കോർപറേഷന്റെ കോട്ടയത്തുള്ള മില്ലിലാണ് നെല്ല് കുത്തി അരിയാക്കിയത്.