പത്തനംതിട്ട: തകർന്ന കൂരയിൽ പരസഹായമില്ലാതെ ചുവടുറപ്പിക്കാൻ പാടുപെടുകയാണ് കോയിപ്രം നെല്ലിക്കൽ മാലിമേൽ കിഴക്കേതിൽ മോഹനന്റെ ഭാര്യ ജയമണി (48). ആറുമാസം മുമ്പു വരെ സാധാരണ ജീവിതം നയിച്ച ഇവർക്ക് ഇന്ന് വീൽചെയറാണ് ആശ്രയം. പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയില്ല. പ്രാഥമിക കാര്യങ്ങൾക്ക് പോലും മക്കളോ ഭർത്താവോ കൂടെയുണ്ടാവണം. കിടക്കയും വീൽചെയറുമായി കഴിയുന്ന ജയമണിക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ചികിത്സയ്ക്ക് ഒന്നര ലക്ഷത്തിൽ അധികം രൂപ ചെലവാകും. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുന്ന മോഹനന് ഈ തുകയെപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല. കൂടാതെ ഏത് നിമിഷവും നിലംപൊത്താവുന്ന വീടും ഭീഷണിയാണ്. ജയമണിയുടെയും കുടുംബത്തിന്റെയും ജീവിതം നരകതുല്യമാണ്.
ആറു മാസം മുമ്പ് കാലിന് ചെറിയ പെരുപ്പ് അനുഭവപ്പെട്ടതോടെ ജയമണിയുടെ ജീവിതത്തിൽ ശനിദശ തുടങ്ങി. പല ഡോക്ടർമാരെയും കണ്ടു. എന്നാൽ രോഗത്തിന് ശമനമുണ്ടായില്ല. ഒടുവിൽ സ്കാനിംഗിന് വിധേയയായപ്പോൾ നട്ടെല്ലിന് സമീപം മുഴ ഉള്ളതായി കണ്ടെത്തി. വൈകാതെ രണ്ടുകാലിനും ചലനശേഷി നഷ്ടമായി.
ഇതിനിടെയായിരുന്നു പ്രളയം. വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഭർത്താവ് മോഹനൻ, ജയമണിയെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. ഇതിനിടെ കാൽവഴുതി വീണു. ഇതോടെ തളർച്ച പൂർണമായി. വെള്ളം ഇറങ്ങി തിരികെ വീട്ടിലെത്തിയപ്പോൾ ശേഷിച്ചത് കിടപ്പാടം മാത്രം. വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു. വീടിന്റെ ഓടുകളും നഷ്ടമായി. മേൽക്കൂര ഒടിഞ്ഞു താഴ്ന്നു. ചോർച്ച അകറ്റാൻ ടാർപ്പോളിൻ ഇട്ടിരിക്കുകയാണ് ഇപ്പോൾ. സർക്കാരിൽ നിന്ന് വീട് നന്നാക്കാൻ 95,000 രൂപാ അനുവദിച്ചു. ആദ്യ ഗഡുവായി 9,500 രൂപാ കിട്ടി. അതുപയോഗിച്ച് ചോർച്ച മാറ്റി. ചലനശേഷി നഷ്ടപ്പെട്ട കാലുമായി ജയമണി ചികിത്സയ്ക്ക് സഹായം തേടുകയാണ്. ഒന്നര ലക്ഷം രൂപ അടിയന്തരമായി ലഭിച്ചാൽ മാത്രമേ ചികിത്സ തുടരാനാകൂ. ഫെഡറൽ ബാങ്ക് ആറാട്ടുപുഴ ശാഖയിൽ സഹായധന ശേഖരണത്തിനായി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 12080100086550. ഐ.എഫ്.എസ് കോഡ് : എഫ്.ഡി.ആർ.എൽ 0001208.