boat
നിരണം തേവേരി കടത്തുകടവ്

തിരുവല്ല: അക്കരെയിക്കരെ പോകാൻ കടത്തുവള്ളം ഇല്ലാത്തതിനാൽ പമ്പാനദി കടക്കാനാവാതെ നൂറുകണക്കിന് കുടുംബാംഗങ്ങൾ ദുരിതത്തിലായി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പരുമല മുതൽ നിരണം വീയപുരം വരെയുള്ള അഞ്ചോളം കടത്തുകടവുകളിലാണ് വള്ളം ഇല്ലാതായത്. കൂര്യത്ത് കടവ്, ഇളമതകടവ്, വള്ളക്കാലി കടവ്, തേവേരികടവ്, ഇരതോട് പള്ളിക്കടവ് എന്നീ കടത്തുകളാണ് ഫലത്തിൽ ഇല്ലാതായത്. ഇതിൽ കൂര്യത്ത് കടവിലും ഇളമതകടവിലും കടപ്ര പഞ്ചായത്തിന് കീഴിലുള്ള കടത്തുവള്ളങ്ങളാണ് ഉള്ളത്. നിലവിൽ ജീവനക്കാർ ഉണ്ടെങ്കിലും ഇവിടെ കടത്തു വള്ളങ്ങൾ പ്രവർത്തിക്കുന്നില്ല. കടപ്ര പഞ്ചായത്തിന് കീഴിലുണ്ടായിരുന്ന വള്ളക്കാലി കടവിൽ ഇപ്പോൾ കടത്തുവള്ളം കാണാൻ പോലുമില്ലെന്ന് നാട്ടുകാർ പറഞ്ഞു. തേവേരി സ്‌കൂളിന്റെ കടവിലും ഇരതോട് പള്ളികടവിലും വീയപുരം പഞ്ചായത്താണ് കടത്തുവള്ളങ്ങൾ നടത്തിയിരുന്നത്. ഇതിൽ തേവേരിയിലെ കടത്ത് പൂർണമായും നിലച്ചു. നിരണം ഇരതോട് പള്ളികടവിൽ വീയപുരം പഞ്ചായത്തിന് കീഴിൽ കടത്തുവള്ളം ഉണ്ടെങ്കിലും ജീവനക്കാർ യാത്രക്കാർക്ക് തുണയില്ല. പരുമല മുതൽ വീയപുരം വരെ പതിനൊന്ന് കിലോമീറ്റർ ദൂരമാണുള്ളത്. കടത്തുവള്ളം ഇല്ലാതായതോടെ ഇത്രയും ദൂരം ചുറ്റിസഞ്ചരിച്ചു വേണം ആളുകൾക്ക് എത്താൻ. കടത്തുവള്ളം ഉണ്ടെങ്കിൽ 10 മിനിറ്റ് കൊണ്ട് നിരണം, കടപ്ര നിവാസികൾക്ക് മേൽപ്പാടം, വള്ളക്കാലി ഭാഗത്ത് എത്താമായിരുന്നു. എന്നാൽ ഇപ്പോൾ പരുമല വഴിയോ വീയപുരം വഴിയോ ചുറ്റി സഞ്ചരിച്ചെങ്കിലേ എത്താനാകൂ. വള്ളക്കാലി ക്കടവിലും തേവേരി കടവിലും ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ട് കടത്ത് വള്ളങ്ങളാണ് ഉണ്ടായിരുന്നത്. ഇവിടെയും കടത്തുവള്ളങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

വള്ളമുണ്ട്- ജോലിക്കാരില്ല

കടപ്ര പഞ്ചായത്തിലെ കൂര്യത്ത് കടത്ത്, ഇളമത കടവുകളിൽ കടത്തു വള്ളങ്ങൾ ഉണ്ട്. എന്നാൽ ഇവിടെയും ജോലിക്കാരുടെ സേവനം ലഭ്യമല്ല. തേവേരിയിൽ കടത്തുവള്ളം ഇല്ലാതായതോടെ മേൽപ്പാടം ഭാഗത്ത് നിന്ന് തേവേരി സ്‌കൂളിലേക്കുള്ള കുട്ടികളുടെ വരവ് പൂർണമായും നിലച്ചു. വേനൽക്കാലം കഴിഞ്ഞു മഴക്കാലം ആകുന്നതോടെ പ്രദേശവാസികളുടെ യാത്രാ ദുരിതമേറും.

-പരുമല മുതൽ നിരണം വീയപുരം വരെയുള്ള അഞ്ചോളം കടത്തുകടവുകളിൽ വള്ളം ഇല്ല