പത്തനംതിട്ട: തെക്കേമല പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പഠനമുറി പദ്ധതിയ്ക്ക് കോഴഞ്ചേരി ഡിവിഷനിൽ തുടക്കമായി. നിർമ്മാണ പ്രവൃത്തിയുടെ ഡിവിഷൻതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ പുതിയമണ്ണിൽ അമൽ ഷാജിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ജോമോൻ പുതുപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. റോയിസൺ, പട്ടികജാതി വികസന വകുപ്പ് ഇലന്തൂർ ബ്ലോക്ക് ഓഫീസർ അമ്പിളി കെ.ജി എന്നിവർ പ്രസംഗിച്ചു. രണ്ട് ലക്ഷം രൂപ ചെലവിൽ എകദേശം 120 ചതുരശ്ര അടി വിസ്തീർണമുള്ള പഠനമുറികളാണ് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകുന്നത്.