ചെന്നീർക്കര: ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ആർദ്രം അവാർഡ് ചെന്നീർക്കര ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്നത് രണ്ടാം തവണ. ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം വഴി ഗ്രാമപഞ്ചായത്ത് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഇൗ വർഷവും അവാർഡിന് അർഹമാക്കിയത്. ഇതിനു മുൻപ് 2013ലാണ് ചെന്നീർക്കര അവാർഡ് നേടിയത്.

ഇൗ വർഷത്തെ അവാർഡ് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഗ്രാമപപഞ്ചായത്ത് അധികൃതർ ഏറ്റുവാങ്ങും. അഞ്ച് ലക്ഷം രൂപയുടെ കാഷ് അവാർഡും ട്രോഫിയുമാണ് ലഭിക്കുന്നത്. ജീവിതശൈലീ രോഗനിർണയം, കാൻസർ രോഗനിർണയം, മഴക്കാലപൂർവ പ്രതിരാേധ പ്രവർത്തനങ്ങൾ തുടങ്ങിയ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ഫലപ്രദമായി നടപ്പാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലയേറ്റീവ് കെയർ പദ്ധതി പ്രകാരം 360 രോഗികൾക്ക് പരിചരണം നൽകിവരുന്നു. പദ്ധതിക്കായി പതിനഞ്ച് ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്.

ജില്ലയിലെ മറ്റ് പ്രാഥമികാരാേഗ്യകേന്ദ്രങ്ങളേക്കാൾ കൂടുതൽ വരുമാനമുളള ലാബാണ് ചെന്നീർക്കരയിലുളളത്. നാല് ഡോക്ടർമാർ, മൂന്ന് നഴ്സുമാർ, രണ്ട് ഫാർമസിസ്റ്റ്, രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടക്കം 26 ഉദ്യോഗസ്ഥരാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നത്. ആശുപത്രി വികസന സമിതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി സുധാകർ, മെഡിക്കൽ ഒാഫീസർ ജിനു ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.