ജില്ലയിൽ 54 ഇടങ്ങളിലായി 25 ഏക്കർ തരിശ് നിലങ്ങൾ പച്ചത്തുരുത്താകും,
ജില്ലാതല ഉദ്ഘാടനം അഞ്ചിന് കൊടുമണ്ണിൽ
പത്തനംതിട്ട: തരിശുനിലങ്ങളിൽ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് സംസ്ഥാനത്ത് ഈ മാസം അഞ്ചിന് തുടക്കമാകും.
ആദ്യഘട്ടത്തിൽ ജില്ലയിൽ 25 ഏക്കറിലായി 54 പച്ചത്തുരുത്തുകളാണ് സ്ഥാപിക്കുക. ലോകപരിസ്ഥിതി ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങൾ കണ്ടെത്തുന്നത്. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്.
ജൈവ വൈവിദ്ധ്യ ബോർഡ്, കൃഷി വകുപ്പ്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. പച്ചത്തുരുത്ത് പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി പരിസ്ഥിതി പ്രവർത്തകർ, ജൈവ വൈവിധ്യ മേഖലയിലെ വിദഗ്ദ്ധർ, വനവത്കരണ രംഗത്ത് പ്രവർത്തിച്ച പരിചയസമ്പന്നർ, കൃഷി വിദഗ്ദ്ധർ, ജനപ്രതിനിധികൾ, പ്രാദേശിക സാമൂഹിക പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികൾ ഉണ്ടാകും. വിത്തിനങ്ങൾ കണ്ടെത്തൽ, വൃക്ഷങ്ങളുടെ തിരിച്ചറിയൽ പ്രവർത്തനങ്ങൾ തുടങ്ങി പച്ചത്തുരുത്ത് നിർമിതിക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഈ സമിതികൾ നൽകും.
അരസെന്റ് മുതൽ കൂടുതൽ വിസ്തൃതി ഉള്ള ഭൂമിയിൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകൾക്ക് വലിയ പങ്ക് വഹിക്കാനാകും.
ജില്ലയിലെ പച്ചത്തുരുത്ത്
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് രാവിലെ ഒൻപതിന് കൊടുമൺ ഗ്രാമപഞ്ചായത്തിലെ മുല്ലോട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ചിറ്റയം ഗോപകുമാർ എം.എൽ.എ വൃക്ഷത്തൈ നട്ട് നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അദ്ധ്യക്ഷത വഹിക്കും. ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ആർ. രാജേഷ് പദ്ധതി അവതരിപ്പിക്കും.
ഒരുലക്ഷത്തോളം തൈകൾ സോഷ്യൽ ഫോറസ്ട്രിയുടെയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും നഴ്സറികളിലായി തയാറാക്കിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ കേരളം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ അവസ്ഥ പ്രതിരോധിക്കുന്നതിനുള്ള പ്രായോഗിക ഇടപെടലാണ് പച്ചത്തുരുത്തുകളുടെ രൂപീകരണം.
ആർ. രാജേഷ്,
ഹരിതകേരളം മിഷൻ
ജില്ലാ കോഓർഡിനേറ്റർ