പത്തനംതിട്ട: പ്രളയത്തിൽ നാശം നഷ്ടം സംഭവിച്ച ചെറുകിട കച്ചവടക്കാരിൽ അപേക്ഷിച്ചവർക്കെല്ലാം ഈമാസം 30ന് മുമ്പ് വായ്പ ലഭ്യമാക്കും. ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലയിലെ ലീഡ് ബാങ്ക് മാനേജർ വി.വിജയകുമാരൻ അറിയിച്ചതാണ് ഇക്കാര്യം. 10 ലക്ഷം രൂപവരെയാണ് വായ്പ നൽകുന്നത്. വായ്പയ്ക്കുള്ള അപേക്ഷ ജില്ലാ വ്യവസായകേന്ദ്രം വഴി ലഭിച്ചിട്ടുണ്ട്. അവയുടെ പ്രൊസസിംഗ് നടന്നുവരുന്നു. ഡിസംബർവരെ പുതിയ അപേക്ഷകൾ സ്വീകരിക്കുമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.
റാന്നി ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ രൂപരേഖ രണ്ടാഴ്ചയ്ക്കകം തയാറാവുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയർ വ്യക്തമാക്കി. വെച്ചൂച്ചിറ പോളിടെക്നിക്കിലെ ഇലക്ട്രിക്കൽ ജോലികൾ അടുത്തയാഴ്ച തുടങ്ങുമെന്നു പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്സി. എൻജിനീയർ ഉറപ്പുനൽകി.
കുമ്പനാട് പുതുശേരി റോഡിന്റെ നിർമാണത്തിനുള്ള നടപടികൾ ടെണ്ടർ തുറക്കുന്നിടംവരെ എത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനീയർ അറിയിച്ചു. തിരുവല്ല മണ്ഡലത്തിലെ സ്കൂളുകളിലേക്ക് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് എം.എൽ.എ ഫണ്ടിൽനിന്നും പണം അനുവദിക്കുന്നതിന് മൂന്ന് മാസം മുമ്പുതന്നെ ഫിനാൻസ് ഓഫീസർക്ക് ഉത്തരവ് നൽകിയിട്ടുള്ളതായി എഡിസി (ജനറൽ) യോഗത്തെ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വികസന സമിതി യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ വി. ജയമോഹൻ അദ്ധ്യക്ഷനായിരുന്നു.