broken-house
കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

ചെങ്ങന്നൂർ: ഞായറാഴ്ച പെയ്ത മഴയിൽ തിരുവൻവണ്ടൂരിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. . പ്രളയത്തിൽ ബലക്ഷയം ഉണ്ടായ വീടാണിത്. ഇടിഞ്ഞുവീഴുമെന്ന ഭീതിയിൽ കുട്ടികളുമായി വീട്ടുകാർ സമീപത്തെ ചായ്പ്പിൽ കിടന്നതിനാൽ ആളപായമുണ്ടായില്ല. വനവാതുക്കര ചക്കാലമൂലയിൽ വിജയന്റെ (65) വീടിന്റെ മേൽക്കൂരയാണ് ഞായറാഴ്ച രാത്രി 11.30 ഓടെ തകർന്നുവീണത്. വിജയനൊപ്പം മകൻ വിനോദ്, ഭാര്യ മഞ്ജു ,മക്കളായ അഭിനവ്, രണ്ടര വയസുകാരി ശിവാനി എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രളയം ഏറെ ബാധിച്ച വീടിന്റെ ഒരു ഭാഗം വശത്തേക്ക് ചരിഞ്ഞ് ഇരുത്തംവന്ന നിലയിലായിരുന്നു കഴുക്കോലും പട്ടികയും ഭാഗികമായി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താറായ വീട്ടിൽ ഭീതിയോടെയാണ് കുടുംബം അന്തിയുറങ്ങിയിരുന്നത്. സന്ധ്യ മുതൽ പെയ്യുന്ന മഴയിൽ മുറിക്കുള്ളിൽ കഴിയുന്നത് സുരക്ഷിതമല്ല എന്ന് കരുതിയ കുടുബാംഗങ്ങൾ വീടിന്റെ മുൻവശത്ത് ഇറക്കിപ്പണിത ചായിപ്പിലാണ് ഞായറാഴ്ച അന്തിയുറങ്ങിയത്. രാത്രി 11.30 ഓടെ ഉഗ്രശബ്ദം കേട്ട് ഞെട്ടി ഉണർന്ന പ്പോൾ തകർന്നു വീണ വീടാണ് കാണുന്നത്. ബഹളം കേട്ട അയൽക്കാർ ഓടിക്കൂടി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

പ്രളയത്തിൽ മുക്കാൽ ഭാഗത്തോളം മുങ്ങിയ വീടായിരുന്നു ഇത്. വെള്ളം ഇറങ്ങിയപ്പോഴേ വീട് ഇരുത്തി ഒരു വശത്തേക്ക് ചരിഞ്ഞനിലയിലായിരുന്നു. പുനരധിവാസ കണക്കെടുപ്പിന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീടിന്റെ അവസ്ഥയെപ്പറ്റി ധരിപ്പിച്ചിരുന്നു. പൂർണമായും വാസയോഗ്യമല്ലാതിരുന്നിട്ടും 16 മുതൽ 29 ശതമാനം കേടുപാടുകൾ മാത്രമാണ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ലഭിച്ച 60,000 രൂപ കൊണ്ട് ചുവരുകൾ തകർന്ന അടുക്കളയുടെ പണി മാത്രമാണ് പൂർത്തിയാക്കുവാൻ സാധിച്ചത്.

കടം വാങ്ങി ബാക്കി പണി കൂടി തുടങ്ങാനിരിക്കെയാണ് വീട് നിലംപൊത്തിയത്. വിജയന്റെ പേരിലുള്ള ഒന്നര സെന്റ് സ്ഥലത്തായിരുന്നു വീട്