santhosh-kumar
കാണാതായ സന്തോഷ് കുമാർ

ചെങ്ങന്നൂർ: ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ നിന്നും യുവാവിനെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നാവാശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ചെറിയനാട് നെടുവരംകോട് തടത്തിൽ സുരേഷ് ഭവനത്തിൽ പരേതനായ പുരുഷന്റെയും പൊടിയമ്മയുടെയും മകൻ സന്തോഷ് കുമാർ (42)നെയാണ് കഴിഞ്ഞ ഏപ്രിൽ 28 മുതൽ കാണാതായത്. ഇതേ തുടർന്ന് വീട്ടുകാർ അന്നേ ദിവസം തന്നെ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ കേസ് രജിസ്ട്രർ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതെ തുടർന്നാണ് നാട്ടുകാർ സംഘടിച്ച് ജനകീയ കൂട്ടായ്മയും ആക്ഷൻ കൗൺസിലും രൂപീകരിച്ചത്.
ആക്ഷൻ കൗൺസിൽ രക്ഷാധികാരികളായി കൊടിക്കുന്നിൽ സുരേഷ് എം.പി, സജി ചെറിയാൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാധമ്മചെറിയനാട്, ആലാ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളത്ത് വാസുദേവൻ എന്നിവരേയും ചെയർമാനായി ഉമ്മൻ ഏബ്രഹാം, വൈസ് ചെയർമാനായി എൻ.സി.രഞ്ജിത്ത്, കൺവീനറായി വാർഡ് അംഗം സരസ്വതി എന്നിവരേയും 51 അംഗങ്ങളേയും തിരഞ്ഞെടുത്തു. പൊലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമല്ലാത്ത സമീപനം തുടർന്നാ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾക്കും നിയമനടപടികളും സ്വീകരിക്കാൻ കമ്മിറ്റി തീരുമാനിച്ചു.