തിരുവല്ല: മലങ്കര കത്തോലിക്കാ സഭയിലെ സീനിയർ മെത്രാപ്പൊലീത്തയും തിരുവല്ല രൂപതയുടെ മുൻ അദ്ധ്യക്ഷനുമായിരുന്ന ഗീവർഗീസ് മാർ തിമോത്തിയോസ് കാലംചെയ്തു. തൊണ്ണൂറ്റി രണ്ട് വയസായിരുന്നു. ഇന്നലെ പുലർച്ചെ 3.15ന് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ ഉച്ചയ്ക്ക് ശേഷം രണ്ടിന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയിൽ കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
കോട്ടയം അമയന്നൂരിലെ ചുണ്ടേവാലേൽ കുടുംബത്തിൽ ഫാ. ജേക്കബിന്റെയും അന്നമ്മയുടെയും മകനായി 1928 ഫെബ്രുവരി രണ്ടിനാണ് ജനനം. ജോർജ് എന്നായിരുന്നു ആദ്യ പേര്. 1953 ആഗസ്റ്റ് 24ന് സിലോണിലെ കാൻഡി സെമിനാരിയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആദ്ധ്യാത്മിക ജീവിതത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ബിരുദം നേടി. 1988 ജൂൺ 26ന് മാതൃഇടവകയിൽ വച്ച് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്ന് റമ്പാൻസ്ഥാനവും 1988 ആഗസ്റ്റ് ആറിന് ഗീവർഗീസ് മാർ തിമോത്തിയോസ് എന്ന പേരിൽ മെത്രാഭിഷേകവും സ്വീകരിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകൈയെടുത്തു. 2003ൽ സ്ഥാനത്യാഗം നടത്തിയശേഷം പുഷ്പഗിരിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കേരള മെത്രാൻ സഭ സെക്രട്ടറി, ഭാരത മെത്രാൻ സഭ വൈസ് പ്രസിഡന്റ്, കാരിത്താസ് ഇന്ത്യ ചെയർമാൻ, കത്തോലിക്കാ സഭ ലിറ്റർജി കമ്മിഷൻ ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതിക ശരീരം നഗരികാണിക്കലിന് ശേഷം ഇന്നലെ വൈകിട്ടോടെ സെന്റ് ജോൺസ് കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.