മല്ലപ്പള്ളി: മുടങ്ങിക്കിടന്ന കാവനാൽ പാലത്തിന്റെ നിർമ്മാണത്തിന് വേഗതയേറി. 8 വർഷത്തിന് മുമ്പ് ശിലയിട്ട് നിർമ്മാണം ആരംഭിച്ച കാവനാൽപാലം വൈകാതെ ഗതാഗതത്തിന് സജ്ജമാകും. മണിമലയാറിന് കുറുകെ മല്ലപ്പള്ളി - അനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവനാൽക്കടവിൽ പാലം നിർമാണത്തിനായി 2011 ജനുവരി 28നാണ് ശിലാസ്ഥാപനം നടത്തിയത്. ആദ്യഘട്ടത്തിൽ നിർമാണം അതിവേഗം നടന്നെങ്കിലും 2013 ജൂണിൽ പണികൾ പൂർണമായി നിലച്ചു. പിന്നീട് 2015-ൽ സർക്കാർ മാന്ദ്യവിരുദ്ധ പദ്ധതിയിൽ ഉൾപ്പെടുത്തി പണികൾ പുനരാരംഭിച്ചെങ്കിലും കരാറുകാരൻ പിന്മാറിയോതോടെ നിർമ്മാണം തടസപ്പെട്ടു. പിന്നീട് അഡ്വ. മാത്യു ടി തോമസ് എം.എൽ.എ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിന്റെ തീരുമാനപ്രകാരം സർക്കാർ 2018 മാർച്ചിൽ 98.46 ലക്ഷം ഭരണാനുമതി നൽകി. പുതിയ കരാറുകാരനെ കണ്ടെത്തി അവശേഷിച്ചിരുന്ന ആനിക്കാട് കരയിലെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കി. ഇതോട് അനുബന്ധിച്ചുള്ള ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിലെ ആറാട്ട് കടവിലേക്കുള്ള റോഡിന്റെ നിർമാണവും പാലത്തിന്റെ അവസാന മിനുക്കുപണികളും മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോൾ അനുമതിയില്ലാതെ വാഹനങ്ങൾ പാലം കടന്നുപോകുന്നുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് താമസിയാതെ വാഹനഗതാഗതത്തിന് അനുമതി നൽകും.