ശബരിമല വിഷയം കത്തിപ്പടർന്ന മണ്ഡലം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളിൽ മുഴച്ചുനിന്ന വിശ്വാസപ്രശ്നം. രാജ്യത്തിന്റെ കണ്ണുപതിഞ്ഞ് തിളങ്ങിയ മണ്ഡലമായിരുന്നു പത്തനംതിട്ട. സംസ്ഥാനം കണ്ട ഏറ്റവും ശക്തമായ ത്രികോണപ്പോരാട്ടം നടന്ന പത്തനംതിട്ടയിൽ സിറ്റിംഗ് എം.പി ആന്റോആന്റണി വിജയക്കൊടി പാറിച്ചു, മൂന്നാം തവണ. ഭൂരിപക്ഷം കുറഞ്ഞു. പ്രചാരണത്തിൽ നിന്ന് രാഷ്ട്രീയ അജണ്ടകൾ വഴിമാറിപ്പോയെന്ന് ആന്റോ ആന്റണി പറയുന്നു. വികസന അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പിച്ച് പറയുന്ന അദ്ദേഹം കേരളകൗമുദിയുമായി സംസാരിക്കുന്നു.
2014ൽ ലഭിച്ച അരലക്ഷത്തിന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നല്ലോ. പക്ഷെ, ഭൂരിപക്ഷം കുറഞ്ഞ് 44243ആയി. എൻ.ഡി.എയ്ക്ക് ഒന്നരലക്ഷത്തിലേറെ വോട്ടുകളുടെ വർദ്ധനയുണ്ടാക്കി. കാരണം?
രണ്ടു കാരണങ്ങളാണുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ഒരു ലക്ഷത്തോളം പേർക്ക് പാർലമെന്റിൽ വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കി. തെളിവുകൾ സഹിതം ജില്ലാ വരണാധികാരിക്ക് പരാതി നൽകിയിട്ട് അന്വേഷണമുണ്ടായില്ല. തിരുവല്ല ചുമത്രയിൽ കള്ളവോട്ടു നടന്നതിന് പരാതി കൊടുത്തപ്പോൾ പരിശോധനയ്ക്കെടുത്ത ദൃശ്യങ്ങൾ അവ്യക്തമായിരുന്നു. നടപടി ഉണ്ടാകാതിരുന്നതിനാൽ തനിക്ക് വരണാധികാരിയുടെ മുന്നിൽനിന്ന് ഇറങ്ങിപ്പോരേണ്ടി വന്നു.
ശബരിമല വിഷയത്തിൽ നടന്ന ശക്തമായ വർഗീയമായ പ്രചാരണവും ഭൂരിപക്ഷം കുറച്ചു. രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് മാറി വിഷയം വർഗീയമായി. സംഘപരിവാർ പ്രവർത്തകർ വീടുകളിൽ കയറി വർഗീയപ്രചാരണം നടത്തി. ബി.ജെ.പിക്ക് കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ വോട്ടർമാർക്ക് മുന്നിൽ വയ്ക്കാനുണ്ടായിരുന്നില്ല. വർഗീയപ്രചാരണം ഒരു പരിധിവരെ സ്വാധീനിച്ചു. അപ്പോഴും വോട്ടുകൾ ഗണ്യമായി കുറഞ്ഞത് ഇടതുപക്ഷത്തിന്റേതാണ്.
കോൺഗ്രസിന്റെ സംഘടനാപരമായ വീഴ്ചകൾ ദോഷകരമായി ബാധിച്ചില്ലേ ?
യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രവർത്തകർ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. എൽ.ഡി.എഫും എൻ.ഡി.എയും നടത്തുന്ന കോലാഹലങ്ങൾ പോലെയല്ല യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. വൻ ലീഡ് ലഭിക്കേണ്ട ചില ബൂത്തുകളിൽ പിന്നാക്കം പോയിട്ടുണ്ട്. അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്.
ശബരിമലവിഷയം രൂക്ഷമായ സമയത്ത് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടത്തിയ വനിതാമതിലും നവോത്ഥാനവും തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിച്ചു ?
ഒരു സ്വാധീനവുമുണ്ടാക്കിയിട്ടില്ല. വനിതാമതിലും നവോത്ഥാനവും എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കിയില്ല. മതിൽ വലിയ തട്ടിപ്പായിരുന്നെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവ പ്രചാരണ വിഷയമാക്കാതിരുന്നത്.
പത്തനംതിട്ടയിൽ ഇനി ഏറ്റെടുക്കാൻ പോകുന്ന വികസന പദ്ധികൾ?
പത്തനംതിട്ടയിലൂടെ പുതിയ ദേശീയപാതകൾ വരണം. നാല് ദേശീയ പാതകൾക്കു നിർദേശമുണ്ട്. 183, 183 എ ദേശീയപാതകൾ നിർമ്മാണം തുടങ്ങി. കടമ്പനാട് നിന്ന് തുടങ്ങുന്ന ദേശീയപാതയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കും. ഇതിന് പ്ലാപ്പള്ളിയിൽ നിന്ന് പമ്പയിലേക്ക് ലിങ്ക് ഹൈവേ നിർദേശമുണ്ട്. പ്രാഥമിക ജോലികൾ പൂർത്തീകരിച്ചു. നാലുവരിപ്പാതയ്ക്കാണ് നിർദേശം. മുണ്ടക്കയം അടക്കം പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപാസുകൾ നിർമ്മിക്കും.
പളനി - ശബരി ഹൈവേയ്ക്ക് അനുമതി ലഭിച്ചു. നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകൾ പുനർനിർമിക്കും. ഇതിനായി പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം പദ്ധതികൾ ആവിഷ്കരിക്കും. പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നു.
റെയിൽവേ വികസനത്തിൽ ഇപ്പോഴും പിന്നിലാണ് പത്തനംതിട്ട ജില്ല ?
ശബരി റെയിൽപ്പാത നിർമാണച്ചെലവ് കേന്ദ്രസർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ ശ്രമിക്കും. പാത എരുമേലിയിൽ അവസാനിപ്പിക്കാതെ റാന്നി, പത്തനംതിട്ട, കോന്നി വഴി പുനലൂർ വരെ നീട്ടാൻ നിർദേശം വയ്ക്കും. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ മിക്ക ട്രെിയിനുകൾക്കും സ്റ്റോപ്പുണ്ട്. നിർമ്മാണത്തിലിരിക്കുന്ന എസ്കലേറ്റർ പൂർത്തീകരിക്കും. പ്ലാറ്റ്ഫോമുകളുടെ റൂഫിംഗിന് പദ്ധതി ആയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കും.
കേന്ദ്രത്തിൽ വീണ്ടും ബി.ജെ.പി ഭരണം. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിന് എത്രത്തോളം സഹായം ലഭിച്ചു. ഇനിയുള്ള അഞ്ചുവർഷം സഹായം പ്രതീക്ഷിക്കാമോ. ?
മണ്ഡലത്തിലെ അടിസ്ഥാനകാര്യങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല. മണ്ഡലത്തിലെ എൺപത് ശതമാനവും റബർ കർഷകരാണ്. റബറിന്റെ വിലയിടിവാണ് അഞ്ച് വർഷവും നേരിട്ട പ്രശ്നം. മറ്റ് വികസന പ്രവർത്തനങ്ങൾ കേന്ദ്രസർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തി നേടിയെടുത്തതാണ്. മണ്ഡലത്തിൽ ഒരു കേന്ദ്രീയവിദ്യാലയം സ്വന്തം കെട്ടിടത്തിൽ തുടങ്ങാൻ കഴിഞ്ഞു. മറ്റൊന്നിനു കൂടി അനുമതി ലഭിച്ചു. പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയത്തിന് യു.പി.എ സർക്കാർ അനുമതി നൽകിയതാണ്. തുക അനുവദിച്ചു കിട്ടിയത് കഴിഞ്ഞ എൻ.ഡി.എ സർക്കാരിന്റെ കാലത്താണ്. റെയിൽവേ വികസനത്തിന് എൻ.ഡി.എ സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല. ശബരിപാതയുടെ എരുമേലി വരെയുളള അലൈൻമെന്റ് പൂർത്തിയാക്കിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചില്ല.
തുടർന്നുളള അഞ്ചുവർഷവും നിരവധി വികസന കാര്യങ്ങൾ നേടിയെടുക്കാനുണ്ട്. അതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കും.