പത്തനംതിട്ട നഗരത്തിൽ മരങ്ങൾ നിലംപൊത്തുന്നു

പത്തനംതിട്ട : നഗരത്തിൽ നിറയെ മരങ്ങളാണ്. ചിലതൊക്കെ തണൽ മരങ്ങളാണെങ്കിലും ചിലത് അപകടമാണ്. കൃത്യമായ ഇടവേളകളിൽ ശിഖരങ്ങൾ വെട്ടിക്കളയാൻ അധികൃതർ തയാറാകാത്തതാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം. ടി.കെ റോഡിൽ അപകട ഭീഷണിയായി നിരവധി മരങ്ങൾ ഉണ്ട്. ചൂടായതിനാൽ നിരവധി പേർ വിശ്രമിക്കുകയും വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്നത് ഈ മരങ്ങൾക്ക് കീഴിലാണ്. തണൽ മരത്തിനടിയിൽ ചായക്കടകൾ നടത്തുന്നവരും ഉണ്ട്. പലപ്പോഴും സോഷ്യൽ ഫോറസ്ട്രിയുടെ അനുമതി ഉണ്ടെങ്കിലെ മരം മുറിക്കാൻ സാധിക്കു. റിംഗ് റോഡിലെ അബാൻ ജംഗ്ഷനിൽ നിന്ന് സ്റ്രേഡിയം ജംഗ്ഷനിലേക്കുള്ള ഭാഗം, അഴൂർ ട്രാഫിക് സിഗ്നൽ, സിവിൽ സ്റ്രേഷന് മുൻപിലെ റോഡ്, മാർത്തോമ സ്കൂളിന് സമീപത്തെ റോഡ്, പൊലീസ് സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ നിരവധി മരങ്ങൾ അപകട ഭീഷണിയാകുന്നു. എന്നാൽ അധികൃതർ ഇതൊന്നും കണ്ട മട്ടില്ല. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ മരം വേരോടെ പിഴുതു വീണിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തനംതിട്ട ചന്തയിൽ കൂറ്റൻ മരം നിലംപൊത്തി.