തിരുവല്ല: കവിയൂർ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കവിയൂർ പുളിയിൻകീഴ് വീട്ടിൽ സോജി വർഗീസ് (27 ) ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് യുവാക്കൾക്കും മറ്റും കഞ്ചാവ് വിൽപ്പന നടത്തി മാഫിയാ പ്രവർത്തനം നടത്തിവരികയായിരുന്ന സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. മൂന്നു പൊതികളിലായി സൂക്ഷിച്ചിരുന്ന 250ഗ്രാം കഞ്ചാവ്, കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 27,410 രൂപ, കഞ്ചാവ് നിറയ്ക്കാനുള്ള കവർ, ഇലക്ട്രോണിക് ത്രാസ്സ് എന്നിവ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. ഇയാളുടെ കൂട്ടാളികൾ ഒളിവിലാണ്. എക്‌സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർ സച്ചിൻ സെബാസ്റ്റ്യൻ, ഗിരീഷ്, സി.ഇ.ഒ സുമോദ്, ജിജി ബാബു എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.