പത്തനംതിട്ട: മലങ്കര കാതോലിക്ക സഭ പത്തനംതിട്ട ഭദ്രാസന അദ്ധ്യക്ഷനായി ഡോ. സാമുവൽ മാർ ഐറേനിയോസ്‌ മെത്രാപ്പൊലീത്ത ചുമതലേയറ്റു. ഇന്നലെ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലാണ് ശുശ്രുഷകൾ നടന്നത്. സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റത്തിന്റെ കുർബാനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഡോ. സാമുവൽ മാർ ഐറേനിയോസിനെ ഭദ്രാസന അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയുടെ നിയമന ഉത്തരവ് വായിച്ചു. തുടർന്ന് സ്ഥാനാരോഹണ ശുശ്രുഷകൾ ആരംഭിച്ചു. ഡോ. സാമുവൽ മാർ ഐറേനിയോസ്‌ മെത്രാപ്പൊലീത്ത സിംഹാസനത്തിലിരുന്ന് ഞാൻ നല്ല ഇടയനാകുന്നു എന്ന സുവിശേഷഭാഗം വായിച്ചു. പ്രത്യേകം നിയോഗിക്കപ്പെട്ട പുരോഹിതർ ചേർന്ന്‌ അദ്ദേഹത്തെ മൂന്നുതവണ ഉയർത്തി. ശൈഹ്‌ളീക വാഴ്വ് ശുശ്രുഷയോടു കൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.