പത്തനംതിട്ട : ജനങ്ങൾ ചിതറിയാൽ ദേശവും ചിതറുമെന്നും ജനങ്ങൾ പോരാടിയാൽ രാജ്യത്ത് സമാധാനം ഉണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. മലങ്കര കാതോലിക്ക സഭ പത്തനംതിട്ട ഭദ്രാസന അദ്ധ്യക്ഷനായി ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി, സമുദായം, രാഷ്ട്രീയം എന്നിവ പറഞ്ഞ് രാജ്യം വേർതിരിഞ്ഞ് പോകരുത്. മഹാത്മാഗാന്ധിയുടെ പിന്നാലെ നടന്നവരാണ് നാം. മനുഷ്യരെ ഒരുമിപ്പിക്കുന്ന പ്രധാന ചുമതലയാണ് സഭയ്ക്കുള്ളതെന്നും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം നമ്മിൽ ഉയർന്നുവരണമെന്നും ബാവ പറഞ്ഞു.
ഡോ.സാമുവൽ മാർ ഐറേനിയോസിനെ ഭദ്രാസന അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയുടെ നിയമന ഉത്തരവ് കൂരിയ ബിഷപ്പ് യൂഹാനോൻ മാർ തെയോഡേഷ്യസ് വായിച്ചു. ബിഷപ്പുമാരായ തോമസ് മാർ കൂറിലോസ്, ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, എബ്രഹാം മാർ യൂലിയോസ്, വിൻസന്റ് മാർ പൗലോസ്, ജോസഫ് മാർ തോമസ്, തോമസ് മാർ അന്തോണിയോസ്, ഫിലിപ്പോസ് മാർ സ്‌തേഫാനോസ്, മാത്യു അറയ്ക്കൽ, ജോസ് പുളിക്കൽ, മാത്യു മൂലേക്കാട്ടിൽ,ക്രിസ്തുദാസ്, ജോസഫ് മാർ ബർണബാസ്,കുര്യാക്കോസ് മാർ ക്ലീമ്മീസ് തുടങ്ങിയവർ പങ്കെടുത്തു. യൂഹാനോൻ മാർ ക്രിസോസ്റ്റത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സഭാ അംഗങ്ങൾ ശേഖരിച്ച 25 ലക്ഷം രൂപയുടെ ചെക്ക് അനുമോദന യോഗത്തിൽ നൽകിയെങ്കിലും തുടങ്ങിവച്ച സേവനപ്രവർത്തനങ്ങൾ തുടരുന്നതിനായി അദ്ദേഹം ആ തുക പുതിയ ബിഷപ്പിന് നൽകി.
ചടങ്ങിൽ എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ വീണാജോർജ്, രാജു എബ്രഹാം, പ്രൊഫ. പി .ജെ. കുര്യൻ, കെ. ശിവദാസൻനായർ, ബാബുജോർജ്, ഗീതാസുരേഷ്, പി. മോഹൻരാജ്, കെ. ഇ അബ്ദുൾ റഹ്മാൻ, അബ്ദുൾ ഷുക്കൂർ മൗലവി, ജെറി ഈശോ ഉമ്മൻ, ആർ. സനൽകുമാർ, ജേക്കബ് പുന്നൂസ്, റെജി താഴമൺ, ജോൺസൺ എബഹാം, എ. സുരേഷ്‌കുമാർ, വർഗീസ് പേരയിൽ തുടങ്ങിയവർ പങ്കെടുത്തു. യൂഹാനോൻ മാർ ക്രിസോസ്റ്റത്തെക്കുറിച്ചുള്ള സുവനീർ കാതോലിക്കാബാവ, ആന്റോ ആന്റണി എം.പിക്ക് നൽകി പ്രകാശനം ചെയ്തു. യൂഹാനോൻ മാർ ക്രിസോസ്റ്റത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപയുടെ ചെക്കും എൽപിച്ചു.