story-photo
കടപ്ര വില്ലേജ് ആഫീസ് കെട്ടിടം

തിരുവല്ല: കടപ്ര വില്ലേജ് ആഫീസ് കെട്ടിടം അപകടഭീഷണിയിൽ. കെട്ടിടത്തിലെ എല്ലാ വശങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ചെലവ് കുറഞ്ഞ രീതിയിൽ ഒന്നര പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച കെട്ടിടമാണിത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളംകയറി ഓഫിസിന്റെ പ്രവർത്തനം രണ്ടാഴ്ചയോളം മുടങ്ങിയിരുന്നു. കരം അടയ്ക്കാൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി പേരാണ് ഈ ഓഫീസിലേക്ക് എത്തുന്നത്. ചുറ്റുമതിലുകളും പൊളിഞ്ഞു കിടക്കുകയാണ്. മഴക്കാലത്ത് ഭീതിയോടെയാണ് ജീവനക്കാർ ഇവിടെ കഴിയുന്നത്. രാത്രികാലങ്ങളിൽ ഇതിന്റെ പരിസരങ്ങളിൽ നായ്ക്കളുടെ താവളമാണ്. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഷീറ്റുകൾ പകുതിയും തകർന്നു. കാറ്റടിച്ചാൽ ഏതു സമയവും തകർന്നുവീഴുന്ന നിലയിലാണ്. മഴപെയ്താൽ വെള്ളം മുഴുവനും വില്ലേജ് ഓഫീസ് അകത്തേക്ക് ഒഴുകുന്ന നിലയിലാണ്. ഉദ്യോഗസ്ഥർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളുമില്ല. ഏറ്റവും പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കേണ്ട ഓഫീസിൽ ഇതിനായുള്ള സൗകര്യം സുരക്ഷിതമല്ല. ആർക്ക് വേണമെങ്കിലും അതിനകത്ത് കടക്കാവുന്ന നിലയിലാണ്.

സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷം

സമീപത്തായി ബീവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാല പ്രവർത്തിക്കുന്നതിനാൽ രാത്രികാലത്ത് സാമൂഹിക വിരുദ്ധരുടെ താവളം കൂടിയാവുകയാണ് വില്ലേജ് ഓഫീസ് പരിസരം. ഉപയോഗം കഴിഞ്ഞ മദ്യക്കുപ്പികൾ സമീപത്തെല്ലാം ചിതറി കിടപ്പുണ്ട്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിനോട് തൊട്ടു ചേർന്നാണ് വില്ലേജ് ഓഫീസ് കെട്ടിടവും സ്ഥിതിചെയ്യുന്നത്. ഒരേ കോമ്പൗണ്ടിൽ തന്നെയാണ് വില്ലേജ് ആഫീസും ബ്ലോക്ക് ഓഫീസും സ്ഥിതി ചെയ്യുന്നത്. ബ്ളോക്ക് ആഫീസിലെ ഏതെങ്കിലും ഭാഗത്തേക്ക് വില്ലേജാഫിസ് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.