chakka-payasam

പ​ത്ത​നം​തിട്ട : പ്രകൃതി ഭക്ഷണത്തോട് മലയാളികളുടെ അഭിമുഖ്യം വ്യക്തമാക്കുന്നതാണ് പത്തനംതിട്ടയിൽ നടക്കുന്ന ചക്ക മഹോത്സവം​. പ്രമേഹ രോഗികൾക്കും കഴിക്കാവുന്ന ചക്കപ്പായസമാണ് ടൗൺ ഹാളിൽ നടന്നുവരുന്ന ചക്ക മഹോത്സവത്തിലെ പ്രധാന താരം. ചക്കപ്പായസം രുചിക്കുന്നവർ പാഴ്സലായി കൊണ്ടുപോവുന്നുണ്ട്. പായസത്തിന്റെ രുചി പലർക്കും വീണ്ടും ഇവിടെ എത്താൻ പ്രേരണയാവുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുവായിരുന്ന ചക്കയെ ഇടക്കാലത്ത് ഉപേക്ഷിച്ച മലയാളികൾ മുൻപത്തേതിലും ശ്രേഷ്ഠമായ സ്ഥാനം നൽകിയാണ് ചക്ക വിഭവങ്ങൾക്ക് തീൻമേശയിൽ ഇടം നൽകുന്നത്. സീസണിൽ സമൃദ്ധമായി വിളയുന്ന ചക്കയെ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത് ഇന്ന് ഒരു വൻ വ്യവസായമായി മാറിയിരിക്കുകയാണ്. 100 ഓളം ചക്ക ഉത്പ്പന്നങ്ങളാണ് ചക്ക മഹോത്സവത്തിൽ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിട്ടുള്ളത്. ചക്കപ്പായസം പോലെ ചക്ക ഉണ്ണിയപ്പത്തിനും ഏറെ പ്രിയമാണ് ഉള്ളത്. 13 ഉണ്ണിയപ്പങ്ങളടങ്ങിയ ഒരു പായ്ക്കറ്റിന് 100 രൂപയാണ് വില. കൂടാതെ ചക്ക ഹൽവാ, ചക്ക ഉപ്പരി, സ്‌ക്വാഷ്, ചക്കവരട്ടി തുടങ്ങിയ നിരവധി ഉത്പ്പന്നങ്ങളും ലഭ്യമാണ്. 6 മാസം കൊണ്ടും 1 വർഷം കൊണ്ടും കയിക്കുന്ന ഉയർന്ന നിലവാരമുള്ള പ്ലാവിൻ തൈകൾക്കും ആവശ്യക്കാർ ഏറെയാണ്. എല്ലാ സീസണുകളിലും കായ്ക്കുന്ന പ്ലാവിനങ്ങളും മേളയിൽ ലഭിക്കും.