merit-award
ചെങ്ങന്നൂരിന്റെ ചൈതന്യം എം.എൽ.എ മെറിറ്റ് അവാർഡന്റ് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: പരീക്ഷയിലെ എ പ്ലസിലൂടെ ജീവിതത്തിലും എപ്ലസ് ആവുന്നതാണ് പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അപ്പോഴേ വിദ്യാഭ്യാസം പൂർണമാകുവെന്നും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ചെങ്ങന്നൂരിന്റെ ചൈതന്യം എം.എൽ.എ. മെറിറ്റ് അവാർഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന മറ്റൊരു പ്രക്രീയകൂടിയാണ് വിദ്യാഭ്യാസം. പഠനം ഒരിക്കലും പൂർത്തിയാകാതെ അനന്തമായി നീളുകയാണ്. മരിക്കുന്നതു വരെ നാം ഓരോരുത്തരും വിദ്യാർത്ഥികളാണ്.വൈവിദ്ധ്യമാർന്ന വൈഭവങ്ങളെ പൂർണതയിൽ എത്തിക്കുന്നതാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം കൂട്ടി ചേർത്തു. നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എപ്ലസ് ലഭിച്ചവർ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ 90 ശതമാനം മാർക്ക് നേടിയിട്ടുള്ളവർ, മറ്റ് സ്ഥലങ്ങളിലെ സ്‌കൂളുകളിൽ പഠിച്ച് ഉന്നത വിജയം നേടിയ ചെങ്ങന്നൂർ നിവാസികളായ വിദ്യാർത്ഥികൾ, വിവിധ യൂണിവേഴ്‌സിറ്റികളുടെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ റാങ്ക് നേടിയവർ, പുതിയതായി ഡോക്ടറേറ്റ് ലഭിച്ചവർ, എഴുത്തുകാർ, ജീവൻ രക്ഷാപ്രവർത്തകർ എന്നിവരെയാണ് മന്ത്രി മെറിറ്റ് അവാർഡ് നൽകി ആദരിച്ചത്. സജി ചെറിയാൻ എം .എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ ബ്ലെസി മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യകാരൻ ബെന്യാമിൻ, പൊതു വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ എ .കെ പ്രസന്നൻ, ബി.പി.ഒ ജി.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജെബിൻ.പി.വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.അജിത, മാവേലിക്കര ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, വൈസ് പ്രസിഡന്റ് ജി. വിവേക്, എ.ഇ.ഒ കെ. ബിന്ദു, വി.വി.അജയൻ, പി കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.