ചെങ്ങന്നൂർ: അച്ഛനും മകൾക്കും ഒരോ വേദിയിൽ ആദരവും അവാർഡും ലഭിച്ചു. പുലിയൂർ പള്ളി തെക്കേതിൽ പ്രേംദാസിന് ആദരവ് നൽകിയപ്പോൾ മകൾ നന്ദനാ ദാസിന് അവാർഡ് ലഭിച്ചു. ചൈതന്യം എം.എൽ.എ മെറിറ്റ് അവാർഡ് 2019 ആണ് ഇരുവർക്കും അംഗീകാരം ലഭിച്ച വേദിയായത്.
35 വർഷത്തെ സ്‌പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപനത്തോടൊപ്പം കോടിക്കണക്കിന് ഇംഗ്ലീഷ് വാക്യങ്ങൾ എഴുതുവാനും സംസാരിക്കുവാനും സാദ്ധ്യമാക്കുന്ന പ്രേംസ് ഇംഗ്ലീഷ് പ്രസിദ്ധീകരിക്കുകയും അതിന് ഇംഗ്ലീഷ് സംസാരഭാഷ രാഷ്ട്രങ്ങളായ ബ്രിട്ടൺ,അമേരിക്ക, കാനഡ, ആസ്‌ട്രേലിയ തുടങ്ങി 176 രാഷ്ട്രങ്ങൾ അംഗീകരിച്ച ഇന്റർനാഷണൽ കോപ്പിറൈറ്റ് ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷയ്ക്ക് നൽകിയ ഈ സേവനത്തിനാണ് പ്രേംദാസിന് സംസ്ഥാന മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും ആദരവ് ലഭിച്ചത്. ചെങ്ങന്നൂർ സെന്റ് ആനീസ് ഗേൾസ് ഹൈസ്‌കൂളിൽ നിന്നും ഈക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച മകൾ നന്ദനാ ദാസിനും ഈ വേദിയിൽ മന്ത്രി മെറിറ്റ് അവാർഡ് നൽകി. 52 വയസുളള അച്ഛനും 16 കാരിയായ മകൾക്കും വിദ്യാഭ്യാസ നേട്ടത്തിന് ഒരേ വേദിയിൽ അംഗീകാരവും ആദരവും ലഭിച്ചത് അപൂർവതയായി.