dog

ചിറ്റാർ : കിഴക്കൻ മലയോര പ്രേദേശങ്ങളായ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ പുലിശല്യം രൂക്ഷമായി. വയ്യാറ്റുപുഴ ​വലിയകുളങ്ങരവാലി പുത്തൻവീട്ടിൽ സുനിൽ കുമാറിന്റെ വീടിന് സമീപമാണ് ശനിയാഴ്ച രാത്രിയിൽ പുലിയെ കണ്ടത്. കൂട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായ പുലി കൊന്ന നിലയിൽ കണ്ടെത്തി. ഉടൻ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചു. തെരച്ചിൽ നടത്തി പുലിയാണ് ആക്രമണം നടത്തിയത് എന്ന് ഉറപ്പിച്ചു. പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. ഫോറസ്റ്റ് അധികൃതർ സ്ഥലം പരിശോധിച്ച്, ഉടൻ കാമറകളും കൂടും സ്ഥാപിക്കാമെന്ന് നാട്ടുകാർക്ക്​ ഉറപ്പ് നൽകി. ഒരാഴ്ചക്ക് മുമ്പ് തേറകത്തുംമണ്ണിലും പുലിയിറങ്ങി പട്ടിയെ പിടിച്ചിരുന്നു. കഴിഞ്ഞ വർഷം പ്രളയത്തിൽ കൂടുതൽ നാശനഷ്ടം ഉണ്ടാവുകയും രണ്ടുപേർ മരിക്കുകയും ചെയ്ത സ്ഥലമാണ് കുളങ്ങരവാലി.